മാന്നാർ കല കൊലപാതകം: അന്വേഷണ സംഘം വിപുലീകരിച്ചു, ഒന്നാം പ്രതി ആശുപത്രിയിൽ

Anjana

ആലപ്പുഴ മാന്നാർ കല കൊലപാതക കേസിലെ അന്വേഷണ സംഘത്തെ വിപുലീകരിച്ചതായി റിപ്പോർട്ട്. 21 അംഗ പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് അന്വേഷണസംഘം വിപുലീകരിച്ചത്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ നേരിട്ട് അന്വേഷണത്തിന് നേതൃത്വം നൽകും.

കേസിലെ ഒന്നാം പ്രതി അനിൽ കുമാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സൂചന. രക്തസമ്മർദ്ദം കൂടിയതും മൂക്കിൽ നിന്ന് രക്തം വന്നതുമാണ് കാരണം. ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടർമാർ വിവരം കുടുംബത്തെ അറിയിച്ചു. അനിൽ സ്വയം നാട്ടിലെത്തിയില്ലെങ്കിൽ നാട്ടിലെത്തിക്കാൻ നിരവധി കടമ്പകൾ കടക്കേണ്ടി വരും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണിക്കും. 15 വർഷം മുൻപാണ് കലയെ കാണാതായത്. 2009 ഡിസംബർ ആദ്യ ആഴ്ചയാണ് കല കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി. വലിയ പെരുമ്പുഴ പാലത്തിൽ കാറിനകത്ത് വെച്ചാണ് കലയെ കൊലപ്പെടുത്തിയതെന്ന് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കലയ്ക്ക് കുട്ടംപേരൂർ സ്വദേശിയുമായി ഉണ്ടായിരുന്ന ബന്ധമാണ് പകയ്ക്ക് കാരണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കഴിഞ്ഞദിവസം സെപ്റ്റിക് ടാങ്കിൽ നിന്നും കലയുടെ മൃതദേഹാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന തെളിവുകൾ പൊലീസ് കണ്ടെത്തിയിരുന്നു.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച ഒരു ഊമ കത്തിലൂടെയാണ് 15 വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. 26 വയസ്സുള്ള കല എന്ന യുവതി കാമുകനൊപ്പം അപ്രത്യക്ഷമായെന്നും കൊല്ലപ്പെട്ടുവെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.