മണിപ്പൂരിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിച്ചു. മുഖ്യമന്ത്രി ബിരേൻ സിംഗ് ഇംഫാലിലെ രാജ്ഭവനിൽ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി അടിയന്തര മന്ത്രിസഭായോഗവും ചേർന്നു.
കഴിഞ്ഞ ദിവസം ജിരിബാമിലുണ്ടായ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ബിഷ്ണു പുരിലെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുൻ മുഖ്യമന്ത്രിയുടെ വീടിന് നേരെയും ആക്രമണമുണ്ടായി. പ്രദേശത്ത് ഹെലികോപ്റ്റർ പെട്രോളിങ് ആരംഭിച്ചതായും വിവിധ മേഖലകളിൽ പരിശോധന ശക്തമാക്കിയതായും മണിപ്പൂർ പൊലീസ് അറിയിച്ചു.
ഇംഫാലിലെ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് വിവിധ ഇടങ്ങളിൽ വെടിവെപ്പും ആക്രമണവും ശക്തമായത്. ഒരാഴ്ചക്കിടെ വിവിധ ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു. മൊയ്റാംഗിൽ കുക്കി വിമതർ നടത്തിയ റോക്കറ്റ് ബോംബാക്രമണത്തിൽ മെയ്തി സമുദായത്തിലെ ഒരു വൃദ്ധൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണങ്ങൾ വർധിച്ചതെന്ന് പൊലീസ് പറയുന്നു. ഇരു വിഭാഗങ്ങൾ തമ്മിലുള്ള ഡ്രോൺ ആക്രമണങ്ങളും വർധിച്ചിരിക്കുകയാണ്. സംഘർഷം വ്യാപിച്ചതോടെ മേഖലയിൽ വ്യോമ നിരീക്ഷണം അടക്കം കരസേന ശക്തമാക്കി. നിലവിൽ ബിഷ്ണുപൂർ ചുരാചന്ദ് പൂർ മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
Story Highlights: Manipur government takes emergency measures as violence escalates