മണിപ്പൂരിൽ രണ്ട് വർഷത്തിന് ശേഷം പുനരാരംഭിച്ച അന്തർ ജില്ലാ ബസ് സർവീസിന് നേരെ കല്ലേറുണ്ടായി. കാംങ്പോക്പി ജില്ലയിലാണ് സംഭവം. ഇംഫാൽ എയർപോർട്ടിൽ നിന്ന് സംഘർഷബാധിത മേഖലകളിലേക്കടക്കം സർവീസുകൾ പുനരാരംഭിച്ചതിന് പിന്നാലെയാണ് ആക്രമണം. സേനാപതി ജില്ലയിലേക്ക് പോകുകയായിരുന്ന ബസിനാണ് കല്ലേറേറ്റത്.
സംഭവത്തിൽ പ്രതിഷേധക്കാർക്കു നേരെ സുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. കുക്കി-മെയ്തെയ് സംഘർഷത്തെ തുടർന്ന് മണിപ്പൂരിലെ വിവിധ മേഖലകളിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മണിപ്പൂരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ബസ് സർവീസുകൾ ആരംഭിച്ചത്.
ചുരാചന്ദ്പൂർ, സേനാപതി എന്നീ മലയോര ജില്ലകളിലേക്കുള്ള ബസുകൾ രാവിലെ 10 മണിയോടെയാണ് ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരില്ലാതെ സർവീസ് ആരംഭിച്ചത്. ഇംഫാൽ-കാങ്\u200cപോക്\u200cപി-സേനാപതി, സേനാപതി-കാങ്\u200cപോക്\u200cപി-ഇംഫാൽ, ഇംഫാൽ-ബിഷ്ണുപൂർ-ചുരാചന്ദ്പൂർ, ചുരാചന്ദ്പൂർ-ബിഷ്ണുപൂർ-ഇംഫാൽ റൂട്ടുകളിലാണ് ബസുകൾ സർവീസ് നടത്തുന്നത്. നേരത്തെ മെയ്തെയ് സ്വാധീനമുള്ള മേഖലകളിൽ കുക്കി വിഭാഗക്കാരും കുക്കി വിഭാഗത്തിന് സ്വാധീനമുള്ള പ്രദേശങ്ങളിൽ മെയ്തെയ് വിഭാഗത്തിലുള്ളവരും യാത്രകൾ നടത്തിയിരുന്നില്ല.
സുരക്ഷാസേനയുടെ നിരീക്ഷണത്തിലാണ് ആദ്യ സർവീസുകൾ നടത്തിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ ഇംഫാലിൽ നിന്ന് കാങ്\u200cപോക്പിയിലേക്കും ചുരാചന്ദ്പൂരിലേക്കും പൊതു ബസ് സർവീസുകൾ പുനരാരംഭിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. ഇംഫാലിലെ മൊയ്\u200cരങ്\u200cഖോമിലുള്ള മണിപ്പൂർ സ്റ്റേറ്റ് ട്രാൻസ്\u200cപോർട്ട് (എംഎസ്ടി) സ്റ്റേഷനിൽ യാത്രക്കാരാരും എത്താതിരുന്നതായിരുന്നു കാരണം.
ബുധനാഴ്ച മുതൽ ഹെലികോപ്റ്റർ സർവീസുകളും പുനരാരംഭിക്കും. വാഹനഗതാഗതം തടസപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബസിന് നേരെ കല്ലേറുണ്ടായതെന്നാണ് വിലയിരുത്തൽ. സംഘർഷബാധിത പ്രദേശങ്ങളിലേക്കുള്ള ഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Story Highlights: Inter-district bus services resumed in Manipur after two years, but one bus was attacked.