ഉത്തർപ്രദേശിലെ ബഹ്റയിച്ചിൽ വീണ്ടും നരഭോജി ചെന്നായയുടെ ആക്രമണം ഉണ്ടായി. ഇന്നലെ രാത്രി വീടിന് പുറത്ത് മുത്തശ്ശിയോടൊപ്പം ഉറങ്ങിയ 5 വയസ്സുകാരിയ്ക്കാണ് ഇരയായത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷിച്ചെങ്കിലും, ആക്രമണത്തിൽ പെൺകുട്ടിക്ക് ഗുരുതര പരുക്കേറ്റു.
ഒന്നര മാസത്തിനിടെ പ്രദേശത്ത് നടന്ന ചെന്നായ ആക്രമണത്തിൽ 8 കുട്ടികളടക്കം 9 പേരാണ് കൊല്ലപ്പെട്ടത്. നരഭോജി ചെന്നായ്ക്കായുള്ള വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ ഭേദിയ തുടരുകയാണ്. ആറ് ചെന്നായകളുടെ കൂട്ടത്തിൽ നാലെണ്ണത്തിനെ ഇതിനോടകം പിടികൂടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സാധിച്ചു.
കൂടുകളും, കെണികളും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും രണ്ട് ചെന്നായ്കൾ നാട്ടുകാർക്ക് ഭീഷണിയുയർത്തി ഇപ്പോഴും നാട്ടിലുണ്ട്. ഇവയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാവുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. അവശേഷിക്കുന്ന ചെന്നായകളെ പിടികൂടാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണ് വനംവകുപ്പ്.
Story Highlights: Man-eating wolf attacks 5-year-old girl in Uttar Pradesh, continuing a series of attacks in the region