മലപ്പുറം ജില്ലയിലെ തിരൂർക്കാട്ടുള്ള മൂന്നര വയസ്സുകാരിയായ നിദ ഫാത്തിമയ്ക്ക് ജന്മനാ ഹൃദ്രോഗബാധയായിരുന്നു. ഹൃദയത്തിൽ ഒരു അറ മാത്രമുണ്ടായിരുന്ന നിദയ്ക്ക് നാലാം വയസ്സിന് മുമ്പ് രണ്ടാമത്തെ ശസ്ത്രക്രിയ ആവശ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ അംഗമായ ജസീർ ബാബു മമ്മൂട്ടിക്ക് ഒരു വാട്സ്ആപ്പ് സന്ദേശമയച്ചത്.
\n\nനിദയുടെ പിതാവ് ഡ്രൈവർ ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. മാസങ്ങൾക്ക് മുമ്പ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ പിതാവിന് മകളുടെ ശസ്ത്രക്രിയയ്ക്കുള്ള ചെലവ് വഹിക്കാൻ കഴിയുമായിരുന്നില്ല. ജസീർ ബാബുവിന്റെ സുഹൃത്ത് വഴിയാണ് നിദയുടെ അവസ്ഥ അദ്ദേഹം അറിഞ്ഞത്. ഈ വിവരം മമ്മൂട്ടിയെ അറിയിച്ചതിന് പിന്നാലെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലിന്റെ സഹായത്തോടെ നിദയുടെ ശസ്ത്രക്രിയ സൗജന്യമായി നടത്താൻ തീരുമാനിച്ചു.
\n\nമമ്മൂട്ടിയുടെ നിർദ്ദേശപ്രകാരം ആലുവ രാജഗിരി ആശുപത്രിയിൽ ഏപ്രിൽ 7ന് പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. മുസ്തഫ ജനീലിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഡോ.കെ കെ പ്രദീപ്, ഡോ. എസ് വെങ്കടേശ്വരൻ, ഡോ. സൗമ്യ മേരി തോമസ് എന്നിവരും ചികിത്സയിൽ പങ്കാളികളായി. മൂന്നാഴ്ച നീണ്ട ആശുപത്രിവാസത്തിനു ശേഷം നിദയും കുടുംബവും നാട്ടിലേക്ക് മടങ്ങി.
\n\nഏഴ് ലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് കെയർ ആൻഡ് ഷെയറിന്റെ വാത്സല്യം പദ്ധതിയിലൂടെ സൗജന്യമായി ചെയ്തത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ ശസ്ത്രക്രിയ സൗജന്യമായി നടത്തുന്നതിനാണ് കെയർ ആൻഡ് ഷെയർ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയർമാൻ കെ മുരളീധരൻ (മുരളി) പറഞ്ഞു.
\n\nമമ്മൂട്ടിയിൽ നിന്നും ഒരു അപ്രതീക്ഷിത സമ്മാനം നിദയ്ക്ക് ലഭിച്ചു. മമ്മൂട്ടി കൊടുത്തയച്ച ബൊക്കെയും ആശംസാ കാർഡും കെയർ ആൻഡ് ഷെയർ ഭാരവാഹികളും ജസീർ ബാബുവും ചേർന്ന് നിദയ്ക്ക് കൈമാറി. മമ്മൂട്ടിയെ നേരിൽ കണ്ട് ഒരു ഫോട്ടോ എടുക്കണമെന്നാണ് നിദയുടെ പിതാവിന്റെ ആഗ്രഹം. പതിവ് പോലെ ജസീർ ബാബു മമ്മൂട്ടിക്ക് ഒരു വാട്സ്ആപ്പ് സന്ദേശമയച്ചെങ്കിലും മറുപടി പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ മമ്മൂട്ടിയിൽ നിന്നും ഫോൺ വിളിയെത്തി.
\n\nകൃത്യസമയത്ത് ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞത് നിദയുടെ ഭാവിയ്ക്ക് ഗുണകരമാണെന്ന് ഡോ. മുസ്തഫ ജനീൽ പറഞ്ഞു. രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതിനെ തുടർന്ന് ശരീരം നീല നിറമാകുന്ന നിദയുടെ രോഗാവസ്ഥ പൂർണമായും ഭേദമായെന്ന് ഡോ. എസ് വെങ്കടേശ്വരൻ പറഞ്ഞു. പത്ത് വർഷമായി റിലീസ് ദിവസം തന്നെ മമ്മൂട്ടിയുടെ സിനിമകൾ കണ്ട് അഭിപ്രായം അറിയിക്കുന്നയാളാണ് ജസീർ ബാബു.
Story Highlights: Mammootty helps a 3-year-old girl from Malappuram undergo heart surgery.