നീതി ആയോഗ് യോഗത്തിൽ നിന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇറങ്ങിപ്പോയതിന്റെ വിവരങ്ങൾ പുറത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ യോഗത്തിൽ താൻ വിമർശനം ഉന്നയിച്ച് സംസാരിക്കുമ്പോൾ മൈക്ക് ഓഫാക്കിയതായി മമതാ ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യ മുന്നണിയുടെ കൂട്ടായ തീരുമാനത്തിന് വിരുദ്ധമായാണ് അവർ യോഗത്തിന് എത്തിയത്.
പ്രതിപക്ഷത്തിൽ നിന്നും പങ്കെടുക്കുന്ന ഏക മുഖ്യമന്ത്രി എന്ന നിലയിൽ മികച്ച പരിഗണന പ്രതീക്ഷിച്ചായിരുന്നു മമതയുടെ സാന്നിധ്യം. എന്നാൽ അത് ലഭിച്ചില്ല. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ അവതരിപ്പിച്ച ബജറ്റെന്ന വിമർശനം പറഞ്ഞപ്പോൾ തന്റെ മൈക്ക് ഓഫ് ചെയ്യപ്പെട്ടതായി അവർ ആരോപിച്ചു.
നീതി ആയോഗിന്റെ ഒൻപതാമത് ഗവേണിങ് കൗൺസിൽ യോഗത്തിലാണ് ഈ സംഭവം നടന്നത്. ‘വികസിത ഭാരതം @ 2047’ രേഖയാണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷമായ 2047ൽ 30 ട്രില്യൺ യുഎസ് ഡോളറിന്റെ വികസിത സമ്പദ് വ്യവസ്ഥയാകുന്നതിന് ഭാരതത്തെ സഹായിക്കാനുള്ള ദർശന രേഖയും യോഗം തയാറാക്കി. കോൺഗ്രസ്, സിപിഐഎം അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തില്ല.