പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വീണ്ടും കേന്ദ്രസർക്കാരിനെതിരെ രോഷം പ്രകടിപ്പിച്ചു.
ഒക്ടോബർ ആദ്യവാരം ഇറ്റലിയിൽ നടക്കാനിരിക്കുന്ന ലോക സമാധാന സമ്മേളനത്തിൽ പങ്കെടുക്കാനുള്ള മമതാ ബാനർജിയുടെ അപേക്ഷ കേന്ദ്രസർക്കാർ നിരസിച്ചിരുന്നു. ഇതേതുടർന്നാണ് മമതാ ബാനർജി കേന്ദ്രസർക്കാരിനെതിരെ പ്രതികരിച്ചത്.
തന്നെ എല്ലാകാലവും തടയാൻ കേന്ദ്ര സർക്കാരിന് കഴിയില്ലെന്ന് മമതാ ബാനർജി പറഞ്ഞു.
ഭാനിപ്പൂർ തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രചരണ പരിപാടിയിലാണ് മമതാ ബാനർജി പ്രതികരണം അറിയിച്ചത്.ഒക്ടോബർ 6,7 തീയതികളിൽ നടക്കുന്ന ലോക സമാധാന സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിക്കുന്ന ഇന്ത്യയിലെ ഏക രാഷ്ട്രീയ നേതാവാണ് മമതാബാനർജി.
ഫ്രാൻസിസ് മാർപാപ്പ, ജർമൻ വൈസ് ചാൻസലർ ആഞ്ജല മെർക്കൻ തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ ഒരു മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയല്ല അതെന്നാണ് മമതാ ബാനർജിക്ക് കേന്ദ്ര സർക്കാർ നൽകിയ മറുപടി. നേരത്തെ ചൈന സന്ദർശനത്തിൽ നിന്നും ഇത്തരത്തിൽ മമതാ ബാനർജിയെ കേന്ദ്രം വിലക്കിയിരുന്നു.
അതേസമയം മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് സമാനമായ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകാറുണ്ടെന്നും തന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിന് പ്രത്യേകശ്രദ്ധയാണെന്നും മമതാബാനർജി പരിഹസിച്ചു.
Story Highlights: Mamata Banarjee against Central Govt. for refusing permission for rome trip