മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ സംയുക്ത പ്രസ്താവനയിൽ ധാരണയായി. ഇന്ത്യയുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്നതരത്തിൽ മാലദ്വീപ് ഒരിക്കലും ഒന്നും ചെയ്യില്ലെന്ന് പ്രസിഡന്റ് മുയ്സു വ്യക്തമാക്കി. രാഷ്ട്രപതി ഭവൻ അങ്കണത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും പ്രധാനമന്ത്രിയിൽ നിന്നും അദ്ദേഹം ആചാരപരമായ സ്വീകരണം ഏറ്റുവാങ്ങി.
മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കോട്ടംതട്ടാതെ മറ്റ് രാജ്യങ്ങളുമായുള്ള സഹകരണം വർദ്ധിപ്പിക്കാൻ മാലദ്വീപ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് മുയ്സു പറഞ്ഞു. ഇതാദ്യമായാണ് ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി മുയ്സു ഇന്ത്യയിലെത്തുന്നത്. ഞായറാഴ്ച ഡൽഹിയിൽ എത്തിയ ഉടനെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ് ഘട്ടിൽ എത്തി മഹാത്മാഗാന്ധിക്ക് ആദരം അർപ്പിച്ച ശേഷമാണ് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയത്.
2023-ൽ ‘ഇന്ത്യ ഔട്ട്’ ക്യാമ്പയിൻ നടത്തി അധികാരത്തിൽ വന്ന നേതാവാണ് മുഹമ്മദ് മുയ്സു. ചൈനയോടുള്ള അദ്ദേഹത്തിന്റെ അതിരുകവിഞ്ഞ ചായ്വ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മാലദ്വീപിലെ ഇന്ത്യൻ സായുധസേനയെ പുറത്താക്കണമെന്നുവരെ തിരഞ്ഞെടുപ്പ് കാലത്ത് വാദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇന്ത്യയുമായി നഷ്ടപ്പെട്ട ബന്ധം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് മാലദ്വീപ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
Story Highlights: Maldives President Mohamed Muizzu meets PM Modi, strengthens bilateral cooperation