കംബോഡിയയിൽ ഓൺലൈൻ തൊഴിൽ തട്ടിപ്പിനിരയായി കുടുങ്ങിയ യുവാക്കളെ നാളെ നാട്ടിലെത്തിക്കും. കോഴിക്കോട് വടകര സ്വദേശികളായ ഏഴ് യുവാക്കളാണ് ഈ തട്ടിപ്പിന് ഇരയായത്. മൂന്ന് പേരടങ്ങിയ മലയാളി സംഘമാണ് ജോലി വാഗ്ദാനം ചെയ്ത് ഇവരെ കംബോഡിയയിലേക്ക് എത്തിച്ചത്. തട്ടിപ്പ് സംഘത്തിന്റെ വലയിൽ ഇനിയും മലയാളികൾ ഉണ്ടെന്നാണ് സൂചന.
വടകര മണിയൂർ, മലപ്പുറം എടപ്പാൾ, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് വഞ്ചിതരായത്. ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നിന് ഐടി മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് തായ്ലന്റിലേക്ക് കൊണ്ടുപോയ ഇവരുടെ പാസ്പോർട്ട് കൈക്കലാക്കുകയും മർദ്ദിച്ച് അവശരാക്കി തടവിലാക്കുകയുമായിരുന്നു. തുടർന്ന് ഇവരെ കംബോഡിയയിലേക്ക് മാറ്റാൻ ശ്രമിച്ചു.
യാത്രാ മധ്യേ ടാക്സി ഡ്രൈവർ ഇവരെ രക്ഷപ്പെടുത്തി ഇന്ത്യൻ എംബസിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഇപ്പോഴും സംഘത്തിന്റെ വലയിൽ കുടുങ്ങികിടക്കുകയാണെന്ന് രക്ഷപ്പെട്ട യുവാക്കൾ പറയുന്നു. ഓരോ വ്യക്തികളിൽ നിന്നും വിസയ്ക്കായി ഒരു ലക്ഷം രൂപ വാങ്ങിയാണ് ഇവർക്ക് ജോലി വാഗ്ദാനം നടത്തിയത്.
Story Highlights: Seven young men from Kerala trapped in Cambodia due to online job fraud to be brought back home tomorrow.