ഏഷ്യാ കപ്പ് അണ്ടര്-19 ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യന് ടീമിലേയ്ക്ക് മലയാളി ലെഗ്സ്പിന്നര് മുഹമ്മദ് ഇനാന് ഇടം പിടിച്ചു. ഓസ്ട്രേലിയക്കെതിരെയായ അണ്ടര്-19 ടെസ്റ്റ്, ഏകദിന പരമ്പരയില് ഇനാന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഏകദിനത്തില് 6 വിക്കറ്റും ടെസ്റ്റില് 16 വിക്കറ്റും നേടി മിന്നുന്ന പ്രകടനമാണ് ഇനാന് പുറത്തെടുത്തത്. ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള് നിര്ണ്ണായക ശക്തിയായത് മുഹമ്മദ് ഇനാന്റെ ഈ മികച്ച പ്രകടനമായിരുന്നു.
തൃശൂര്‍ മുണ്ടൂര് സ്വദേശികളായ ഷാനവാസ്-റഹീന ദമ്പതികളുടെ മകനായ മുഹമ്മദ് ഇനാന് കേരള വര്മ കോളേജിലെ ഒന്നാം വര്ഷ ബിരുദ വിദ്യാര്ത്ഥിയാണ്. ഷാര്ജയിലെ ക്രിക്കറ്റ് അക്കാദമിയില് നിന്ന് ബാലപാഠങ്ങള് നേടിയെടുത്ത ഇനാനെ അവിടെ പരിശീലകനായിരുന്ന പാകിസ്താന്റെ എക്കാലത്തേയും മികച്ച സ്പിന്നര്മാരില് ഒരാളായ സഖ്ലൈന് മുഷ്താഖാണ് സ്പിന്നിലേക്ക് തിരിയാന് പ്രേരിപ്പിച്ചത്. കൂടുതല് അവസരം നാട്ടിലാണെന്ന് തിരിച്ചറിഞ്ഞ് ഇനാന് പിന്നീട് നാട്ടിലേക്ക് മടങ്ങി. പിന്നാലെ അണ്ടര് 14 കേരള ടീമില് അംഗമായി.
ഇപ്പോള് നടന്നു വരുന്ന കൂച്ച് ബെഹാര് ട്രോഫിയിലും ഇനാന് കളിക്കുന്നുണ്ട്. കൂച്ച് ബെഹാര് ട്രോഫിയിലെ മികച്ച ബൗളിങ് പ്രകടനം ഇന്ത്യന് ടീമിലേയ്ക്കുള്ള വാതില് തുറന്നു. ബൗളിങ് ഓള്റൗണ്ടറായ താരത്തിന് ഇന്ത്യന് ടീമില് ഇടംനേടുന്നതിന് ഈ മികച്ച പ്രകടനം സഹായകരമായി. ഗ്രൂപ്പ് എ-യില് നവംബര് 30ന് ദുബായില് പാകിസ്താനുമായാണ് ഇന്ത്യയുടെ ആദ്യമത്സരം. ജപ്പാനും യുഎഇയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്. യുഎഇയിലാണ് മത്സരങ്ങള് നടക്കുന്നത്.
Story Highlights: Malayali leg-spinner Muhammad Inan secures spot in India’s U-19 Asia Cup cricket team after impressive performances