മൈസൂരിൽ മലയാളി വ്യവസായിയെ ആക്രമിച്ച് പണം കവർന്ന സംഭവത്തിൽ ഏഴ് മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. കൊള്ളസംഘത്തിലെ പ്രധാന പ്രതിയായ ആദർശിനെ പോലീസ് വെടിവെച്ചു പിടികൂടി. തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്നാണ് ആദർശിന്റെ കാലിൽ വെടിവെച്ചത്. മൈസൂരിൽ മലയാളി വ്യവസായിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചിട്ടുണ്ട്.
പിടിയിലായ പ്രതികളിൽ തൃശൂർ സ്വദേശികളായ കണ്ണനും പ്രമോദും ഉൾപ്പെടുന്നു. വൈക്കം സ്വദേശികളായ ആൽബിൻ, അർജുൻ, ആലപ്പുഴ സ്വദേശികളായ വിജേഷ്, ശ്രീജിത്ത് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊള്ളസംഘത്തിലെ മറ്റു നാല് പേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പണവുമായി സഞ്ചരിക്കുന്നവരെ വാഹനം തടഞ്ഞുനിർത്തി കൊള്ളയടിക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. പ്രധാനമായും മലയാളികളെയാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്. ജനുവരി 20ന് കൊടുവള്ളി സ്വദേശിയായ വ്യവസായിയെ ആക്രമിച്ച് വാഹനവും പണവും കവർന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
തെളിവെടുപ്പിനിടെ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട ആദർശ്, സമീപത്തുണ്ടായിരുന്ന ബിയർ കുപ്പി പൊട്ടിച്ച് പോലീസിനെ ആക്രമിക്കുകയായിരുന്നു. പോലീസുകാരെ പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ആദർശിന്റെ കാലിൽ വെടിവെച്ചത്. പരിക്കേറ്റ പോലീസുകാരെയും ആദർശിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആലപ്പുഴ കരുവാറ്റ സ്വദേശിയായ ആദർശിനെതിരെ മുൻപും ക്രിമിനൽ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. രാത്രിയോടെ സംഭവം നടന്ന ജയപുര പോലീസ് സ്റ്റേഷൻ പരിധിയിൽ എത്തിച്ച ശേഷമായിരുന്നു ആദർശിന്റെ ആക്രമണം.
Story Highlights: A gang of Malayalis attacked and robbed a Malayali businessman in Mysore.