മലയാള സിനിമയെ ലോക സിനിമയുടെ നെറുകയിലേക്ക് ഉയർത്തിയ നിർമ്മാതാവും വ്യവസായിയുമായ അച്ചാണി രവിയെന്ന കെ രവീന്ദ്രൻനായരുടെ ഒന്നാം ചരമവാർഷികമാണ് ഇന്ന്. സമാന്തര സിനിമകളുടെ വളർച്ചയ്ക്കായി ഇത്രയധികം സാമ്പത്തിക സഹായവും ഊർജവും നൽകിയ മറ്റൊരു വ്യക്തി മലയാളത്തിൽ ഉണ്ടായിട്ടില്ല. ജി. അരവിന്ദന്റെയും അടൂർ ഗോപാലകൃഷ്ണന്റെയും ഉൾപ്പെടെയുള്ള പ്രമുഖ സംവിധായകരുടെ സിനിമകളുടെ നിർമ്മാതാവായിരുന്നു അദ്ദേഹം. ജനറൽ പിക്ചേഴ്സിന്റെ ബാനറിൽ നിർമിച്ച 14 സിനിമകൾക്ക് 18 ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചു.
കലയോടുള്ള അഗാധമായ സ്നേഹമാണ് വ്യവസായിയായ കെ രവീന്ദ്രൻ നായരെ സിനിമാ രംഗത്തേക്ക് ആകർഷിച്ചത്. വാണിജ്യപരമായി വിജയം ഉറപ്പില്ലാത്ത ആർട്ട് ഹൗസ് സിനിമകളിലേക്ക് അദ്ദേഹം നീങ്ങിയത് കലയോടുള്ള ആഴമേറിയ പ്രതിബദ്ധതയാലാണ്. കാഞ്ചനസീത, എസ്തപ്പാൻ, പോക്കുവെയിൽ, എലിപ്പത്തായം, അനന്തരം, വിധേയൻ തുടങ്ങിയ ഒട്ടനവധി മികച്ച ചിത്രങ്ങൾ ജനിച്ചത് കെ രവീന്ദ്രൻനായർ ലാഭേച്ഛയില്ലാതെ സിനിമയെ പിന്തുണച്ചതുകൊണ്ടാണ്.
കൊല്ലത്തെ പബ്ലിക് ലൈബ്രറി, സോപാനം കലാകേന്ദ്രം, ചിൽഡ്രൻസ് ലൈബ്രറി, ലോകനിലവാരമുള്ള ആർട്ട് ഗാലറി, ബാലഭവൻ കെട്ടിടം തുടങ്ങിയ സാംസ്കാരിക സ്ഥാപനങ്ങളിൽ രവീന്ദ്രൻ നായരുടെ സംഭാവനകൾ നിറഞ്ഞുനിൽക്കുന്നു. അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥലമായ പബ്ലിക് ലൈബ്രറി മുറ്റത്ത് ഇന്ന് സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യപ്പെടും. കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ഈ സ്മാരകത്തിൽ മൈസൂരുവിൽ നിന്നും എത്തിച്ച കൃഷ്ണശില ഉപയോഗിച്ചിരിക്കുന്നു.