മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ നിപ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. നിപ പ്രോട്ടോകോൾ പ്രകാരമായിരിക്കും കുട്ടിയുടെ സംസ്കാരം നടത്തുക.
സെപ്റ്റംബർ 15ന് രോഗലക്ഷണങ്ങൾ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ഒരു ക്ലിനിക്കിലും തുടർന്ന് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട നാലുപേർ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയയ്ക്കും. നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.