മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് വാഹനങ്ങളായ XEV 9e, BE 6 എന്നിവയ്ക്ക് ആദ്യ ദിനം തന്നെ വമ്പൻ വരവേൽപ്പ്. ഫെബ്രുവരി 14ന് ബുക്കിംഗ് ആരംഭിച്ച ഈ ഇലക്ട്രിക് എസ്യുവികൾക്ക് ആദ്യ ദിവസം തന്നെ 30,791 ബുക്കിംഗുകളാണ് ലഭിച്ചത്. 8742 കോടി രൂപയുടെ ഓർഡറാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. മഹീന്ദ്ര XEV 9e, BE 6 എന്നിവ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ബുക്ക് ചെയ്യപ്പെട്ട ഇലക്ട്രിക് വാഹനങ്ങളുടെ പട്ടികയിൽ ഇടം നേടി.
ഇന്ത്യൻ ടെസ്ല എന്ന വിശേഷണത്തിന് അർഹമായ രീതിയിലാണ് മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ സ്വീകാര്യത നേടുന്നത്. ആദ്യ ദിനം ബുക്ക് ചെയ്യപ്പെട്ടതിൽ 56 ശതമാനം XEV 9e മോഡലിനും 44 ശതമാനം BE 6 മോഡലിനുമാണ്. XEV 9e-ക്ക് 16900 ഓർഡറുകളും BE 6-ന് 13,279 ഓർഡറുകളും ലഭിച്ചു.
മഹീന്ദ്ര BE 6 ൻ്റെ വില 18.90 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ 26.90 ലക്ഷം (എക്സ്-ഷോറൂം) രൂപ വരെയും XEV 9e ൻ്റെ വില 21.90 ലക്ഷം (എക്സ്-ഷോറൂം) രൂപ മുതൽ 30.50 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെയുമാണ്. വാഹനങ്ങളുടെ ഡെലിവറി മാർച്ചിൽ ആരംഭിക്കും. പാക്ക് 3 വേരിയന്റുകളുടെ ഡെലിവറി 2025 മാർച്ച് പകുതിയിലും പാക്ക് 3 സെലക്ട് വേരിയന്റുകൾ ജൂണിലും ഡെലിവറി ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
പാക്ക് 2, പാക്ക് വൺ എബോവ്, പാക്ക് വൺ എന്നിവയുടെ ഡെലിവറി യഥാക്രമം 2025 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ആരംഭിക്കും. 59 kWh, 79 kWh ബാറ്ററി പാക്ക് ഓപ്ഷനുകളിൽ BE 6, XEV 9e എന്നീ മോഡലുകൾ ലഭ്യമാണ്. ഈ ബാറ്ററി പായ്ക്കുകൾ 175 kW നിരക്കിൽ DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
വെറും 20 മിനിറ്റിനുള്ളിൽ ബാറ്ററി പാക്കുകൾ 20 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും. മഹീന്ദ്ര BE 6 ൻ്റെ 59 kWh വേരിയന്റിന് 535 കിലോമീറ്റർ വരെയും 79 kWh ബാറ്ററിയുള്ള വേരിയന്റിന് 682 കിലോമീറ്റർ വരെയും റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ മത്സരം കടുപ്പിക്കുമെന്നാണ് വിലയിരുത്തൽ.
Story Highlights: Mahindra’s XUV 9e and BE 6 electric SUVs received 30,791 bookings worth ₹8,742 crore on the first day.