മാടായി കോളേജിലെ നിയമന വിവാദം കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നമായി മാറിയിരിക്കുകയാണ്. കണ്ണൂർ ഡിസിസി എം കെ രാഘവൻ എംപിക്കെതിരെ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള മാടായി കോളേജിലെ നാല് നിയമനങ്ങളിൽ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചത്.
കോഴ വാങ്ങി ഡിവൈഎഫ്ഐ പ്രവർത്തകരെ നിയമിച്ചുവെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. രണ്ട് ഡിവൈഎഫ്ഐക്കാർക്ക് നിയമനം ലഭിച്ചുവെന്നും കോഴ വാങ്ങിയെന്നുമുള്ള ആരോപണങ്ങളാണ് കോളേജിന്റെ ഭരണ സമിതി ചെയർമാനായ എം കെ രാഘവൻ എംപിക്കെതിരെ ഉയർന്നിരിക്കുന്നത്. പയ്യന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് മാടായി കോളേജ് പ്രവർത്തിക്കുന്നത്.
സിപിഎം പ്രവർത്തകൻ മാടായി കോളേജിൽ ജോലിയെടുത്തതിലാണ് പ്രതിഷേധിക്കുന്നതെന്നും എം കെ രാഘവൻ എംപി കോഴ വാങ്ങി നടത്തിയ നിയമനമാണിതെന്നും പ്രവർത്തകർ ആരോപിക്കുന്നു. പാർട്ടിയെ വിറ്റ് കോഴ വാങ്ങി ജീവിക്കുന്നവർക്കെതിരെ സന്ധിയില്ലാത്ത സമരം നടത്തുമെന്നും പ്രവർത്തകർ പ്രഖ്യാപിച്ചു.
അഭിമുഖ ദിനത്തിൽ എം കെ രാഘവനെ തടഞ്ഞ 5 കോൺഗ്രസ് പ്രവർത്തകരെ ഡിസിസി സസ്പെൻഡ് ചെയ്തതിനെ തുടർന്ന് പ്രതിഷേധം അണപൊട്ടി. നിയമനം പുനഃപരിശോധിക്കുമെന്ന ഡിസിസി നേതൃത്വത്തിന്റെ ഉറപ്പ് പാഴ്വാക്കായതോടെ എം കെ രാഘവനെതിരെ പരസ്യ കലാപവുമായി പ്രവർത്തകർ രംഗത്തെത്തി. രാഘവൻ ഒറ്റുകാരനെന്ന മുദ്രാവാക്യം ഉയർന്നു.
മാടായി കോളേജ് നിയന്ത്രിക്കുന്ന സൊസൈറ്റിയിലെ 5 ഡയറക്ടർ ബോർഡ് അംഗങ്ങളെ ഡിസിസി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇതിലൂടെ ജില്ലാ കോൺഗ്രസ് കമ്മിറ്റി എം കെ രാഘവനെതിരായ നിലപാടാണ് വ്യക്തമാക്കിയത്. എന്നാൽ പ്രവർത്തകരുടെ രോഷം തണുപ്പിക്കാനായിട്ടില്ല. എം കെ രാഘവനെതിരായ വികാരം ഡിസിസി കെപിസിസി നേതൃത്വത്തെ അറിയിക്കുമെന്നാണ് സൂചന.
Story Highlights: Kannur DCC expresses dissatisfaction against MK Raghavan MP over controversial appointments at Madayi College