കേരള തീരത്തെ കടൽക്ഷോഭം: അടിയന്തര നടപടി വേണമെന്ന് സമദാനി ലോക്സഭയിൽ

Anjana

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ വർധിച്ചുവരുന്ന കടൽക്ഷോഭവും അതിന്റെ ഫലമായുണ്ടാകുന്ന നാശനഷ്ടങ്ങളും സംബന്ധിച്ച് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ഗൗരവമായ ആശങ്ക പ്രകടിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയും വാസസ്ഥലങ്ങളും സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അറബിക്കടൽ തീരത്ത് വർഷംതോറും കടൽക്ഷോഭം വർധിക്കുന്നതായും, ഇതിന്റെ ഫലമായി കടൽ കരയിലേക്ക് കയറിവരികയും മീറ്ററുകളോളം തീരം നഷ്ടപ്പെടുകയും ചെയ്യുന്നതായും സമദാനി ചൂണ്ടിക്കാട്ടി.

പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ വെളിയങ്കോട്, പാലപ്പെട്ടി, അജ്മീർ നഗർ തുടങ്ങിയ പ്രദേശങ്ങളിലെ കടൽക്ഷോഭക്കെടുതികൾ സമദാനി സഭയിൽ വിശദീകരിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെയും അവരുടെ വാസസ്ഥാനങ്ങളുടെയും സുരക്ഷയ്ക്ക് ഇത് കടുത്ത ഭീഷണി ഉയർത്തുന്നതായി അദ്ദേഹം പറഞ്ഞു. ഈ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി, സമുദ്രശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, കോസ്റ്റൽ എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി ശാസ്ത്രീയമായ പഠനം നടത്താൻ സർക്കാർ മുൻകൈ എടുക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കടൽക്ഷോഭം മൂലം കഷ്ടപ്പെടുന്ന തീരദേശവാസികൾക്ക് നഷ്ടപരിഹാരവും മറ്റ് സാമ്പത്തിക സഹായങ്ങളും ഉൾപ്പെടുന്ന ഒരു പാക്കേജ് പ്രഖ്യാപിക്കണമെന്നും സമദാനി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കടൽക്ഷോഭം മത്സ്യബന്ധനത്തെ മാത്രമല്ല, പ്രാദേശിക കച്ചവടങ്ങളെയും റോഡ്, പാലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെയും ബാധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പുലിമുട്ട് പോലുള്ള തീരസംരക്ഷണ സംവിധാനങ്ങൾ വിപുലമായി സ്ഥാപിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും സമദാനി ആവശ്യപ്പെട്ടു.