സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം രാജ്യത്തെ വീണ്ടും മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള ആഹ്വാനമാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ കുറ്റപ്പെടുത്തി. സ്വാതന്ത്ര്യം സംരക്ഷിക്കാനും ജനങ്ങളുടെ ഐക്യം ശക്തിപ്പെടുത്താനും ആഹ്വാനം ചെയ്യേണ്ട പ്രധാനമന്ത്രി ജനങ്ങൾക്കിടയിൽ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി സിവിൽകോഡ് വിവേചന പരമാണെന്നും സാമുദായിക സിവിൽകോഡ് ആണെന്നുമാണ് പറഞ്ഞത്. കഴിഞ്ഞ 75 വർഷമായി നിലവിലുള്ള കോമൺ സിവിൽകോഡിന് രൂപം നൽകിയ ഭരണഘടനാ ശിൽപ്പികളായ ഡോ.ബി.ആർ.അംബേദ്കറെയും ഭരണഘടനാ നിർമ്മാണ സമിതിയിലെ സ്വതന്ത്ര്യ സമരസേനാനികളെയും അവഹേളിക്കുന്നതും അപമാനിക്കലുമാണ് മോദിയുടെ പ്രസംഗമെന്ന് ഹസൻ ആരോപിച്ചു.
21-ാം ലോ കമ്മീഷൻ സിവിൽകോഡിനെ കുറിച്ച് പഠനം നടത്തിയ ശേഷം ഏക വ്യക്തിനിയമം ഇപ്പോൾ ആവശ്യമുള്ളതോ അഭികാമ്യമോ അല്ലെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാൽ 2014 മുതൽ മോദി ഭരണകൂടം ഏക വ്യക്തിനിയമം എന്ന അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നും ഹസൻ ചൂണ്ടിക്കാട്ടി. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ ഏക വ്യക്തിനിയമം കൊണ്ടുവന്നപ്പോൾ ആർഎസ്എസ് എതിർപ്പിനെ തുടർന്ന് ഗോത്രവിഭാഗങ്ങളെ നിയമത്തിൽ നിന്ന് ഒഴിവാക്കിയ കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നതിന് തെളിവാണ് ചെങ്കോട്ടയിലെ അദ്ദേഹത്തിന്റെ പ്രസംഗമെന്നും എംഎം ഹസൻ കുറ്റപ്പെടുത്തി.
Story Highlights: M M Hassan criticizes PM Modi’s speech on Uniform Civil Code as divisive