പ്രശസ്ത മലയാള സാഹിത്യകാരനും ചിന്തകനുമായ പ്രൊഫസർ എം.കെ. സാനു അന്തരിച്ചു. 98 വയസ്സായിരുന്നു. എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിൽസയിലായിരുന്നു അന്ത്യം. വ്യാഴാഴ്ച രാത്രി വീട്ടിൽ വെച്ച് വീണതിനെ തുടർന്ന് ഇടുപ്പെല്ലിന് പരുക്കേറ്റു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും പിന്നീട് ആരോഗ്യനില വഷളായി.
സാനു മാസ്റ്റർ എന്നും അറിയപ്പെട്ടിരുന്ന അദ്ദേഹം നാലു വർഷത്തോളം സ്കൂൾ അധ്യാപകനായി ജോലി ചെയ്തു. പിന്നീട് വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഷയത്തിൽ അധ്യാപകനായി പ്രവർത്തിച്ചു. 1958-ൽ അദ്ദേഹത്തിന്റെ ആദ്യപുസ്തകമായ ‘അഞ്ചു ശാസ്ത്ര നായകന്മാർ’ പ്രസിദ്ധീകരിച്ചു.
1960-ൽ പ്രസിദ്ധീകരിച്ച വിമർശനഗ്രന്ഥം ‘കാറ്റും വെളിച്ചവും’ അദ്ദേഹത്തിന് സാഹിത്യപ്രേമികളിൽ ശ്രദ്ധ നേടിയെടുക്കാൻ സഹായിച്ചു. അധ്യാപക ജീവിതം 1983-ൽ അവസാനിപ്പിച്ചു. വിദ്യാഭ്യാസ രംഗത്തെയും സാഹിത്യ ലോകത്തെയും സമർപ്പിത സേവനം അദ്ദേഹത്തിന്റെ സംഭാവനകളായി കണക്കാക്കപ്പെടുന്നു.
1986-ൽ അദ്ദേഹം പുരോഗമന സാഹിത്യസംഘത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് രാഷ്ട്രീയരംഗത്തും അദ്ദേഹം സജീവമായിരുന്നു. 1987-ൽ എറണാകുളം നിയസഭാ മണ്ഡലത്തിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിക്കുകയും കോൺഗ്രസ് നേതാവ് എ.എൽ. ജേക്കബിനെ പരാജയപ്പെടുത്തുകയും ചെയ്തു.
സാഹിത്യത്തിൽ ഉൾപ്പെടെ നിരവധി മേഖലകളിൽ സാനു സർ ആഴത്തിലുള്ള ഇടപെടലുകൾ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ അന്ത്യം മലയാളത്തിന്റെ സാമൂഹ്യ-സാംസ്കാരിക മേഖലയ്ക്ക് വലിയ നഷ്ടമാണ്
Story Highlights: Prof. M.K. Sanu, a renowned writer and thinker, passed away at the age of 98 in Ernakulam.