മാലിന്യ പ്രശ്നത്തിൽ സർക്കാർ നടപടികൾ കൂടുതൽ കർശനമാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. അനധികൃതമായി മാലിന്യം ശേഖരിച്ച് പൊതുസ്ഥലത്ത് തള്ളുന്ന ഏജൻസികൾക്കെതിരെ സംസ്ഥാന വ്യാപകമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വൻതോതിൽ മാലിന്യം സൃഷ്ടിക്കുന്ന സ്ഥാപനങ്ങളെ പ്രത്യേകം നിരീക്ഷിക്കുമെന്നും, പൊലീസിന്റെ സഹകരണത്തോടെ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാലിന്യവുമായി പിടികൂടിയ സംഭവത്തിൽ കർശന നടപടികൾ സ്വീകരിച്ചതായി മന്ത്രി അറിയിച്ചു.
ആമയിഴിഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ച 9 വാഹനം പിടികൂടിയതായും, ഇവർക്ക് 45,090 രൂപ പിഴ ചുമത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാണെന്നും, ഇത്തരം കേസുകളിൽ ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.
തിരുവല്ല നഗരസഭാ സ്റ്റേഡിയം പരിസരത്ത് മാലിന്യം കുന്നുകൂട്ടിയിട്ട സംഭവത്തിലും അടിയന്തിര നടപടിക്ക് മന്ത്രി നിർദേശം നൽകി. ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കാൻ കളക്ടർക്ക് നിർദേശം നൽകിയതായും, സ്റ്റേഡിയം പരിസരത്തെ മാലിന്യം ഉടൻ നീക്കം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
മാലിന്യം വേർതിരിക്കാതെ വൻ തോതിൽ സൂക്ഷിച്ചതിനെ സർക്കാർ ഗൗരവമായി കാണുന്നതായും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.