ഷിരൂരിലെ തിരച്ചിൽ നിർത്തിയാൽ സമരത്തിലേക്ക് കടക്കുമെന്ന് ലോറി ഓണേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. കർണാടക വഴി ഒരു ചരക്ക് വാഹനവും വിടില്ലെന്നും തടപ്പാടി അതിർത്തിയിൽ തടയുമെന്നും അസോസിയേഷൻ വ്യക്തമാക്കി. സ്വന്തം നിലയ്ക്ക് തിരച്ചിലിന് സജ്ജമാണെന്ന് നേതാവ് റഹ്മാൻ പത്തിരിപ്പാല അറിയിച്ചു.
ഷിരൂരിൽ അർജുനടക്കം രണ്ട് ഡ്രൈവർമാരെയാണ് കണ്ടെത്താനുള്ളത്. എന്നാൽ, ഷിരൂരിൽ നടക്കുന്നത് നാടകമാണെന്ന് ലോറിയുടമ മനാഫ് ആരോപിച്ചു. ഗംഗാവലിയിൽ കൂടുതൽ വാഹനങ്ങൾ ഉണ്ടെന്നും കണ്ടെത്തിയാൽ ജില്ലാഭരണകൂടം പ്രതിക്കൂട്ടിലാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വാഹനങ്ങൾ കണ്ടെത്തിയതോടെ ഭീഷണിയുമായി അധികൃതർ രംഗത്തെത്തിയതായും മാൽപെ ഇതിന് വഴങ്ങാത്തതിൽ ഭീഷണിയുണ്ടായെന്നും മനാഫ് ആരോപിച്ചു.
അതേസമയം, ഷിരൂരിൽ ദൗത്യം തുടരുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ വ്യക്തമാക്കി. ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ 10 ദിവസം കൂടി നീട്ടുന്നതിനായി ഡ്രഡ്ജർ കമ്പനിയുമായി സംസാരിച്ചതായി എംഎൽഎ അറിയിച്ചു. റിട്ട. മേജർ ജനറൽ ഇന്ദ്രബാലനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വീണ്ടും പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ ഭരണകൂടവുമായി ഉള്ള ഭിന്നതയെ തുടർന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ തിരച്ചിൽ നിർത്തി മടങ്ങിയിരുന്നു.
Story Highlights: Lorry Owners Association threatens strike if search operations in Shirur are halted, while authorities extend search efforts amid controversies.