ഷിരൂരിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അര്ജുനെക്കുറിച്ച് വ്യാജ വാര്ത്തകള് പ്രചരിക്കുന്നതായി ലോറി ഉടമ മനാഫ് വെളിപ്പെടുത്തി. അര്ജുന് സഞ്ചരിച്ചിരുന്ന ലോറി ഓണായെന്ന വാര്ത്തയുടെ ഉറവിടം തനിക്കറിയില്ലെന്നും, ഫോണ് ഓണായതില് മാത്രമാണ് ഉറപ്പുള്ളതെന്നും മനാഫ് ട്വന്റിഫോറിനോട് പറഞ്ഞു.
യൂട്യൂബ് ചാനലുകളില് സംഭവവുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വാര്ത്തകള് പ്രചരിക്കുന്നതായി മനാഫ് ചൂണ്ടിക്കാട്ടി. അര്ജുന് ജീവിച്ചിരിക്കുന്നുവെന്ന തലക്കെട്ടോടെയുള്ള നിരവധി വീഡിയോകള് കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോറിയേക്കാള് അര്ജുന്റെ ജീവനാണ് പ്രധാനമെന്നും, അര്ജുനോടുള്ള ആത്മബന്ധം കാരണം അദ്ദേഹത്തെ ഉപേക്ഷിക്കില്ലെന്നും മനാഫ് വ്യക്തമാക്കി.
അതേസമയം, അര്ജുനായുള്ള തിരച്ചില് തുടരുകയാണ്. റഡാര് പരിശോധനയില് വീണ്ടും സിഗ്നല് ലഭിച്ചതായി റിപ്പോര്ട്ടുണ്ട്. നാളെ വിശദമായ പരിശോധന നടത്താനും, ഇന്റലിജന്റ് ഒബ്ജക്റ്റ് ഡിറ്റക്ഷന് സിസ്റ്റം ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആര്മിയിലെ മുന് മേജര് ജനറല് എം. ഇന്ദ്രബാലിന്റെ സഹായവും തേടിയിട്ടുണ്ട്. ജി.പി.ആര് ടെക്നോളജി ഉപയോഗിച്ച് ലോറി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം.