തിങ്കളാഴ്ച സംസ്ഥാനത്തെ 13 ജില്ലകളിലായി 30 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, മലപ്പുറം ജില്ലകളിലെ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്. വയനാട് ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കൊല്ലം ജില്ലയിൽ ഫെബ്രുവരി 24ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ ജില്ലാ കളക്ടർ എൻ ദേവിദാസ് പ്രാദേശിക അവധി പ്രഖ്യാപിച്ചു.
കൊട്ടാരക്കര നഗരസഭയിലെ 20ാം വാര്ഡ് കല്ലുവാതുക്കല് (വനിത), അഞ്ചല് ബ്ലോക്ക് പഞ്ചായത്തിലെ ഏഴാം ഡിവിഷന് അഞ്ചല് (ജനറല്), കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ എട്ടാം ഡിവിഷന് കൊട്ടറ (ജനറല്) എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. കൂടാതെ, കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 18ാം വാര്ഡ് കൊച്ചുമാംമൂട് (വനിത), ക്ലാപ്പന ഗ്രാമപഞ്ചായത്ത് രണ്ടാം വാര്ഡ് പ്രയാര് തെക്ക് (ജനറല്), ഇടമുളയ്ക്കല് ഗ്രാമപഞ്ചായത്ത് എട്ടാം വാര്ഡ് പടിഞ്ഞാറ്റിന്കര (വനിത) എന്നിവിടങ്ങളിലും വോട്ടെടുപ്പ് നടക്കും. പോളിങ് സ്റ്റേഷനുകളായും കൗണ്ടിങ് സെന്ററുകളായും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 24, 25 തീയതികളിൽ അവധിയായിരിക്കും. കല്ലുവാതുക്കല് അമ്പലപ്പുറം 18ാം നമ്പര് അങ്കണവാടി, കൊട്ടാരക്കര ഗവ. വി എച്ച് എസ് എസ് & എച്ച് എസ് ഫോര് ഗേള്സ്, കരുനാഗപ്പള്ളി ഗവ.
മോഡല് എച്ച് എസ് എസ് എന്നിവയാണ് ഈ സ്ഥാപനങ്ങൾ. മറ്റു പോളിങ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 24ന് മാത്രമാണ് അവധി. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് സമയം. കോട്ടയം ജില്ലയിൽ രാമപുരം ഗ്രാമപഞ്ചായത്തിലെ ജി വി സ്കൂള് വാര്ഡിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഫെബ്രുവരി 24ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ ജോൺ വി സാമുവലാണ് അവധി പ്രഖ്യാപിച്ചത്.
പോളിംഗ് സ്റ്റേഷനായി പ്രവർത്തിക്കുന്ന ഏഴാച്ചേരി ഗോവിന്ദവിലാസം യു പി സ്കൂളിന് ഫെബ്രുവരി 23, 24 തീയതികളിൽ അവധിയായിരിക്കും. ജി വി സ്കൂള് വാര്ഡിലെ വോട്ടർമാരായ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക അനുമതി നൽകും. വോട്ടുചെയ്യുന്നതിന് അനുമതി ലഭിക്കാൻ വാര്ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കണം. ഫെബ്രുവരി 25നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. മലപ്പുറം ജില്ലയിൽ കരുളായി പഞ്ചായത്തിലെ വാര്ഡ് 12 (ചക്കിട്ടമല), തിരുനാവായ പഞ്ചായത്തിലെ വാര്ഡ് എട്ട് ( എടക്കുളം ഈസ്റ്റ് ) എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു.
പോളിങ് സ്റ്റേഷനുകളായ പുള്ളിയില് ദേവദാര് സ്കൂള്, അമ്പലപ്പടി ഫസലെ ഉമര് പബ്ലിക് സ്കൂള്, എടക്കുളം ജി എല് പി സ്കൂള് എന്നിവയ്ക്ക് ഫെബ്രുവരി 23, 24 തീയതികളിൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നടക്കുന്ന വാര്ഡുകളിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഫെബ്രുവരി 24ന് അവധിയാണ്. പൊതുപരീക്ഷ നടക്കുന്ന സ്ഥാപനങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ല.
Story Highlights: Local holidays have been declared in several districts due to local body by-elections in Kerala.