പ്രശസ്തമായ ചെങ്ങറ ഭൂസമരനായകൻ ളാഹ ഗോപാലൻ(72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.
കേരളത്തിലെ നിരവധി ഭൂസമരങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുള്ളയാളാണ് ളാഹ ഗോപാലൻ. ശാരീരിക അവശതകളെ തുടർന്ന് അദ്ദേഹം വിശ്രമത്തിൽ കഴിയുകയായിരുന്നു.
2007 ഓഗസ്റ്റ് നാലിനാണ് ഹാരിസൺ മലയാളം എസ്റ്റേറ്റിൽ അദ്ദേഹം 143 ഹെക്ടർ ഭൂമി അയ്യായിരത്തോളം ജനങ്ങളെ കൂട്ടി കയ്യേറി കുടിൽ കെട്ടിയത്. പിന്നീടങ്ങോട്ട് സമരങ്ങൾ നടത്തുകയും പലതവണ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാലും തന്റെ നിലപാടുകളിൽ നിന്ന് വ്യതിചലിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.
ചെങ്ങറയിൽ തുടങ്ങി ആറളത്തും അരിപ്പയിലും ചെങ്ങറ ഗോപാലന്റെ പോരാട്ട വീര്യം പടർന്നു. മസ്ദൂറായി കെഎസ്ഇബിയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 2005ൽ ഓവർസിയറായാണ് വിരമിച്ചത്.
തുടർന്ന് സമര മുഖത്തെ സജീവ സാന്നിധ്യമായി മാറുകയായിരുന്നു. മരണശേഷം മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി നൽകണമെന്ന് അദ്ദേഹം ആഗ്രഹം അറിയിച്ചിരുന്നു.
Story Highlights: Laha Gopalan Passed away.