കുവൈറ്റിൽ വ്യാജ ഗതാഗത പിഴ വെബ്സൈറ്റുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പിഴ അടക്കമുള്ള എല്ലാ സേവനങ്ങളും www.moi.gov.kw എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ‘സഹേൽ’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ മാത്രമേ നിർവഹിക്കാവൂ എന്ന് മന്ത്രാലയം വ്യക്തമാക്കി. വ്യാജ വെബ്സൈറ്റുകൾ വഴി വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾ ചോർത്തപ്പെടാൻ സാധ്യതയുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വ്യാജ സന്ദേശങ്ങളിൽ പിഴത്തുകയിൽ ഡിസ്കൗണ്ട് ഓഫറുകൾ പോലുള്ള വാഗ്ദാനങ്ങളും ഉൾപ്പെട്ടിരിക്കാമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ആഭ്യന്തര മന്ത്രാലയം രാജ്യാന്തര ഫോൺ നമ്പറുകളിൽ നിന്ന് സന്ദേശങ്ങൾ അയക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ വാഹന ഉടമകൾ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷൻ മുഖേന റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശിച്ചു. റിപ്പോർട്ട് ചെയ്യപ്പെടുന്ന സന്ദേശങ്ങൾ അതിസൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മന്ത്രാലയം ഉറപ്പുനൽകി. വാഹന ഉടമകളുടെ സുരക്ഷ ഉറപ്പാക്കാനാണ് മന്ത്രാലയത്തിന്റെ ഈ നടപടിയെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, വോയിസ് കമാൻഡിലൂടെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന പുതിയ സംവിധാനം യുഎഇ അവതരിപ്പിക്കുമെന്ന് ദുബായിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിൽ അറിയിച്ചു. ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, വീടിനുള്ള അപേക്ഷ തുടങ്ങിയ സേവനങ്ങൾക്കായി ശബ്ദ സന്ദേശം അയച്ചാൽ മതിയാകും. സർക്കാർ വെബ്സൈറ്റുകളെയും മൊബൈൽ ആപ്പുകളെയും ഇനി അധികകാലം ആശ്രയിക്കേണ്ടിവരില്ലെന്നും യുഎഇ വ്യക്തമാക്കി.
ജനങ്ങൾക്ക് നിർമിത ബുദ്ധിയുടെ സഹായത്തോടെ സർക്കാരുമായി നേരിട്ട് സംവദിക്കാൻ ഈ സംവിധാനം വഴി സാധിക്കുമെന്നും അറിയിച്ചു. ഈ സംവിധാനം സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ. ഈ സംവിധാനം എന്ന് പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമല്ല.
Story Highlights: Kuwait warns of fake traffic fine websites and messages, urging citizens to use official channels for payments.