കുവൈത്തിൽ 2020 മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിൽ 9,107 ഗാർഹിക പീഡന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇൻഫർമേഷൻ ടെക്നോളജി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെക്ടർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ കേസുകളിൽ 11,051 പ്രതികളാണുള്ളത്. ഇതിൽ 7,850 പുരുഷന്മാരും 3,201 സ്ത്രീകളും ഉൾപ്പെടുന്നു.
ഈ കേസുകളിൽ 9,543 പേർ ഇരകളാണ്. ഇതിൽ 5,609 സ്ത്രീകളും 3,934 പുരുഷന്മാരുമാണ്. 4,057 കേസുകൾ കോടതി നടപടിക്കായി റഫർ ചെയ്തിട്ടുണ്ട്. 3,992 കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു.
പൂർത്തിയായ 3,497 കേസുകളിൽ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൽ 2,639 കേസുകളിൽ പ്രതികൾക്ക് ശിക്ഷ ലഭിച്ചപ്പോൾ 885 കേസുകളിൽ പ്രതികളെ വെറുതെ വിട്ടു. ഗാർഹിക പീഡനം തടയുന്നതിനായി നീതിന്യായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.
ഇരകൾക്ക് കൃത്യമായ സംരക്ഷണം നൽകുന്നതിനായി നിയമപരിഷ്കാരങ്ങൾ ആലോചിച്ചുവരികയാണ്. കുടുംബങ്ങൾക്കിടയിൽ ബോധവത്കരണം ശക്തമാക്കാനായി നീതിന്യായ മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിൽ പ്രത്യേക പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചുവരുന്നു.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സാമൂഹിക സ്ഥാപനങ്ങളുമായി സഹകരിച്ച് കൂടുതൽ പിന്തുണ ഒരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കുവൈത്തിൽ ഗാർഹിക പീഡന കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.
Story Highlights: Kuwait witnessed a surge in domestic violence cases, reaching 9,107 between 2020 and March 31, 2025, with 11,051 individuals accused and 9,543 victims.