കുട്ടമ്പുഴയിൽ കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ എൽദോസിന്റെ മൃതദേഹം മാറ്റാൻ നാട്ടുകാർ അനുവദിച്ചത് ആറ് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിലാണ്. കലക്ടർ എൻഎസ്കെ ഉമേഷിന് നാട്ടുകാരുടെ ശക്തമായ പ്രതിഷേധം നേരിടേണ്ടി വന്നു. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്ന കലക്ടറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് താൽകാലികമായി പ്രതിഷേധം അവസാനിപ്പിച്ചത്.
രാത്രി എട്ടരയോടെ എൽദോസ് ക്ണാച്ചേരിയിലെത്തിയപ്പോൾ വീട്ടിലേയ്ക്കുള്ള യാത്രയിൽ ആനയുടെ ആക്രമണത്തിൽ മൃതദേഹം ഛിന്നഭിന്നമായി. ഒൻപത് മണിയോടെ നാട്ടുകാർ സംഘടിച്ചെത്തി മൃതദേഹം എടുക്കാൻ അനുവദിയ്ക്കാതെ പ്രതിഷേധം ആരംഭിച്ചു. ഫെൻസിങ്, ട്രഞ്ചിങ്, തെരുവു വിളക്കുകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ കുറിച്ച് രൂക്ഷമായി പ്രതികരിച്ചു.
റേഞ്ച് ഓഫിസറും പൊലീസും സ്ഥലത്തെത്തിയെങ്കിലും മന്ത്രിയെത്താതെ പ്രതിഷേധം അവസാനിപ്പിയ്ക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. പന്ത്രണ്ട് മണിയോടെ കലക്ടർ എൻഎസ്കെ ഉമേഷും ആന്റണി ജോൺ എംഎൽഎയും സ്ഥലത്തെത്തി. മൃതദേഹം എടുക്കാൻ അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രശ്നങ്ങൾ പരിഹരിയ്ക്കാതെ മൃതദേഹം കൊണ്ടുപോകാൻ അനുവദിയ്ക്കില്ലെന്ന് നാട്ടുകാർ വാശിപിടിച്ചു. പൊലീസിന്റെ മൃതദേഹം മാറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞതോടെ സംഘർഷമുണ്ടായി.
പിന്നീട് നാട്ടുകാരുമായും എൽദോസിന്റെ വീട്ടുകാരുമായും നടത്തിയ ചർച്ചയിൽ കലക്ടർ എല്ലാ ആവശ്യങ്ങളും അംഗീകരിയ്ക്കാമെന്ന് ഉറപ്പ് നൽകി. കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തര സഹായം, ട്രഞ്ചിങ് ഉടൻ ആരംഭിയ്ക്കൽ, സോളാർ ഫെൻസിങ് ശനിയാഴ്ചയ്ക്കകം തുടങ്ങൽ, തെരുവുവിളക്കുകൾ അഞ്ചു ദിവസത്തിനകം സ്ഥാപിയ്ക്കൽ, ആർആർടിയ്ക്ക് വാഹനസൗകര്യം എന്നിവ ഉൾപ്പെടെയുള്ള എല്ലാ ആവശ്യങ്ങളും കലക്ടർ അംഗീകരിച്ചതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു.
പുലർച്ചെ രണ്ട് മണിയോടെ കലക്ടർ എൽദോസിന്റെ കുടുംബത്തിന് ചെക്ക് കൈമാറിയതിനു ശേഷമാണ് മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റിയത്. എന്നാൽ, ആവശ്യങ്ങൾ നടപ്പാകുന്നത് വരെ പ്രതിഷേധം തുടരാനാണ് ജനകീയ സമിതിയുടെ തീരുമാനം. ഇന്ന് ഹർത്താലും പ്രതിഷേധ സംഗമവും നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
Story Highlights: Kuttampuzha elephant attack victim’s body released after 6-hour protest, collector promises solutions