വടക്കന് പറവൂരില് കുറുവ സംഘമെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള് പുറത്തുവന്നതിനെ തുടര്ന്ന് സംഭവം അന്വേഷിക്കാന് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ബുധനാഴ്ചയാണ് ആലപ്പുഴയ്ക്കു പിന്നാലെ എറണാകുളം ജില്ലയിലും കുറവ സംഘം മോഷണശ്രമം നടത്തിയതായി സംശയമുണ്ടാക്കിയ സംഭവം ഉണ്ടായത്. പറവൂർ ഭാഗത്തെ പത്തോളം വീടുകളിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
വെളുപ്പിന് ശബ്ദം കേട്ട് വീട്ടുകാര് ഉണര്ന്നപ്പോഴാണ് കുറുവ സംഘം മോഷ്ടിക്കാന് വന്നത് അറിയുന്നത്. ഇവര് വീടിന്റെ പിൻ വാതില് തുറക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. രണ്ടിൽ കൂടുതൽ ആളുകൾ സംഘത്തിൽ ഉണ്ടായിരുന്നുവെന്നും ഇവരുടെ കയ്യിൽ ആയുധം ഉണ്ടായിരുന്നു എന്നും വീട്ടുകാർ പറഞ്ഞു. പ്രദേശത്തെ 5 വീടുകളില് മോഷ്ടാക്കാൾ കയറാന് ശ്രമിച്ചതായാണ് വിവരം.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആലപ്പുഴ ജില്ലയിലെ ചേർത്തല, മണ്ണാഞ്ചേരി, മാരാരിക്കുളം മേഖലകളിൽ പത്തിടത്ത് മോഷണം നടത്തിയത് ഇവരാണെന്നാണ് കരുതുന്നത്. മണ്ണഞ്ചേരി, ആര്യാട് ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയ സിസിടിവി ദൃശ്യങ്ങളാണ് കുറുവാസംഘത്തിലേക്ക് വിരൽ ചൂണ്ടിയത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Story Highlights: Special team investigates suspected Kuruva gang thefts in North Paravur, Kerala