കരിപ്പൂരിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കെ.ടി. ജലീൽ നടത്തിയ വിവാദ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കരിപ്പൂരിൽ നിന്ന് സ്വർണം കടത്തി പിടിക്കപ്പെടുന്നവരിൽ 99 ശതമാനവും മുസ്ലീം പേരുകാരാണെന്നും, അവർ കള്ളക്കടത്ത് മതവിരുദ്ധമല്ലെന്നും ഹവാല ഇസ്ലാമിക വിരുദ്ധമല്ലെന്നും ധരിച്ചുവച്ചിരിക്കുന്നതായി ജലീൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തിലെ മലപ്പുറം പരാമർശം വിവാദമായതിന് പിന്നാലെയാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഒരു കമന്റിന് മറുപടിയായാണ് ജലീൽ ഇത്തരമൊരു വാദം ഉന്നയിച്ചത്. വിശ്വാസികൾക്ക് മതനിയമങ്ങൾ പാലിക്കാനാണ് കൂടുതൽ താൽപര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലപ്പുറത്തെ സ്വർണക്കടത്തും ഹവാലയും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ദി ഹിന്ദു ദിനപത്രത്തിൽ വന്ന വാർത്ത വലിയ വിവാദമായിരുന്നു. എന്നാൽ ഇത് താൻ പറഞ്ഞതല്ലെന്ന് മുഖ്യമന്ത്രി പിന്നീട് തിരുത്തിയിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കെ.ടി. ജലീലിന്റെ പ്രതികരണം. ജലീലിന്റെ പ്രസ്താവനയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ ഫേസ്ബുക്കിലൂടെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
Story Highlights: K T Jaleel’s controversial statement on Karipur gold smuggling sparks debate