കേരള യൂണിവേഴ്സിറ്റിയിൽ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഉയർന്ന പരീക്ഷ ഫീസ് ഏർപ്പെടുത്തിയതിനെതിരെ കെ.എസ്.യു പ്രതിഷേധം ശക്തമാക്കുന്നു. നാളെ കേരള, കാലിക്കറ്റ് സർവ്വകലാശാലകൾക്ക് കീഴിലെ എല്ലാ ക്യാമ്പസുകളിലും പഠിപ്പ് മുടക്ക് നടത്താൻ കെ.എസ്.യു തീരുമാനിച്ചു. സർക്കാരിന്റെ ഇടപെടലിൽ യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്നും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ഈ മാസം 23ന് നടക്കുന്ന കേരള യൂണിവേഴ്സിറ്റി പരീക്ഷകൾ തടയാനും കെഎസ്യു തീരുമാനിച്ചിട്ടുണ്ട്.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ നടത്തിയ വാർത്താ സമ്മേളനത്തിൽ സർക്കാരിനെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചു. സർക്കാരിന്റെ അറിവോടെയാണ് യൂണിവേഴ്സിറ്റിയിൽ കൊള്ള നടക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ആരംഭിച്ച ഡിഗ്രി കോഴ്സുകൾ വിദ്യാർത്ഥികളിൽ വലിയ ആശയ കുഴപ്പം ഉണ്ടാക്കിയതായും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
കേരള യൂണിവേഴ്സിറ്റിയുടെ നടപടികൾക്കെതിരെ വിദ്യാർത്ഥി സംഘടനകൾ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. ഉയർന്ന പരീക്ഷ ഫീസ് പിൻവലിക്കണമെന്നും നാല് വർഷ ബിരുദ കോഴ്സുകളുടെ നടത്തിപ്പിൽ വ്യക്തത വരുത്തണമെന്നുമാണ് പ്രധാന ആവശ്യങ്ങൾ. സർക്കാരും യൂണിവേഴ്സിറ്റി അധികൃതരും ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തി പരിഹാരം കാണണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
Story Highlights: KSU to hold strike in Kerala and Calicut University campuses against increased exam fees