ശ്രീകാര്യം◾: കേരള സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥി ഉന്നയിച്ച ജാതി അധിക്ഷേപ പരാതിയിൽ ഡീൻ ഡോക്ടർ സി എൻ വിജയകുമാരിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഗവേഷക വിദ്യാർത്ഥിയായ വിപിൻ വിജയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീകാര്യം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്-എസ്ടി അതിക്രമം തടയൽ നിയമപ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
വിപിൻ വിജയൻ ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയിട്ടുണ്ട്. ഈ കേസിൽ തുടർന്നുള്ള നടപടികൾ നിർണായകമായിരിക്കും. സി എൻ വിജയകുമാരിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യണോ അതോ നിയമോപദേശം തേടിയ ശേഷം മതിയോ എന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുത്തിട്ടില്ല.
സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോട് മന്ത്രി നിർദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഗവേഷണ വിദ്യാർത്ഥിയായ വിപിനെതിരെ വിസിക്ക് വിജയകുമാരി നേരത്തെ പരാതി നൽകിയിരുന്നു. സംസ്കൃതം വായിക്കാനും എഴുതാനും അറിയാത്ത ഒരാൾക്ക് എങ്ങനെ പിഎച്ച്ഡി നൽകാനാകും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ പരാതി. ഇതിനു മറുപടിയായി തനിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന് വിപിൻ വിജയൻ ആരോപിച്ചു.
വിജയകുമാരി തന്റെ എംഫിൽ പ്രബന്ധം സർട്ടിഫൈ ചെയ്തതാണെന്നും, എന്നിട്ടും പിഎച്ച്ഡി ചെയ്യുമ്പോൾ തനിക്ക് സംസ്കൃതം വായിക്കാനോ എഴുതാനോ അറിയില്ലെന്ന് പറയുന്നത് വിവേചനമാണെന്നും വിപിൻ ആരോപിച്ചു. “പുലയന് എന്തിനാണ് ഡോക്ടർ വാല് ” എന്ന് വിജയകുമാരി ചോദിച്ചതായും, മറ്റ് അധ്യാപകരുടെ മുന്നിൽ വെച്ചായിരുന്നു ഈ അധിക്ഷേപം എന്നും വിപിൻ തൻ്റെ പരാതിയിൽ പറയുന്നു.
വിപിൻ നൽകിയ പരാതിയിൽ, “പുലയന്മാർ സംസ്കൃതം പഠിക്കേണ്ടതില്ല, പുലയനും പറയനും വന്നതോടെ സംസ്കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു. വിപിനെപ്പോലുള്ള നീച ജാതിക്കാർക്ക് എത്ര ശ്രമിച്ചാലും സംസ്കൃതം വഴങ്ങില്ല” തുടങ്ങിയ പരാമർശങ്ങൾ ഡോ. സി എൻ വിജയകുമാരിയിൽ നിന്നുണ്ടായെന്നും ആരോപിക്കുന്നു. ഈ വിഷയത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: കേരള സർവകലാശാല ഡീനെതിരെ ജാതി അധിക്ഷേപത്തിന് കേസ്



















