കേരള യൂണിവേഴ്സിറ്റിയിലെ സെനറ്റ് തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയുടെ പരാജയം ഉറപ്പായ സാഹചര്യത്തിൽ, അവർ അക്രമസംഭവങ്ങൾ സൃഷ്ടിച്ച് ബാലറ്റ് പേപ്പറുകൾ നശിപ്പിച്ചതായി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആരോപിച്ചു. ആദ്യ റൗണ്ട് എണ്ണലിൽ കെ.എസ്.യുവിൻ്റെ രണ്ട് സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ എസ്.എഫ്.ഐ സംപൂജ്യരായി തുടരുകയായിരുന്നു. വോട്ടെണ്ണൽ തുടർന്നാൽ കെ.എസ്.യുവിൻ്റെ അഞ്ചോളം സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന ഘട്ടത്തിലാണ് ഈ സംഭവം നടന്നത്.
കലാലയങ്ങളിൽ തങ്ങൾക്കെതിരായി നിലനിൽക്കുന്ന വികാരത്തിൽ നിന്നും ശ്രദ്ധ തിരിക്കുവാൻ എസ്.എഫ്.ഐ സ്വയം രക്തസാക്ഷികളെ സൃഷ്ടിക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി. തുടർച്ചയായ പരാജയങ്ങളിൽ വിറളിപൂണ്ട എസ്.എഫ്.ഐ തിരഞ്ഞെടുപ്പുകളെ അട്ടിമറിക്കുവാൻ ശ്രമിക്കുന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തെ ഭയക്കുന്ന എസ്.എഫ്.ഐയുടെ നടപടി വിദ്യാർത്ഥി സമൂഹത്തിന് തന്നെ അപമാനകരമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അഭിപ്രായപ്പെട്ടു. എസ് എഫ് ഐ സ്പോൺസേഡ് ക്രമക്കേടുകൾക്കും കൊള്ളരുതായ്മക്കും യൂണിവേഴ്സിറ്റി അധികാരികൾ വലിയ രീതിയിലുള്ള മൗനാനുവാദം നൽകിയെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.
Story Highlights: KSU President Aloshious Xavier accuses SFI of creating violence and destroying ballot papers in Kerala University Senate elections