കേരള സംസ്ഥാന റോഡ് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന് (കെഎസ്ആര്ടിസി) ഒരു ബസ് കണ്ടക്ടര്ക്കെതിരെ നടപടി സ്വീകരിച്ചു. ഹോട്ടലില് നിന്ന് സൗജന്യമായി ലഭിക്കേണ്ട ഊണിനൊപ്പം മുന്തിയ ഇനം സ്പെഷ്യല് മീന്കറി കൂടി സൗജന്യമായി നല്കാത്തതിനെതിരെ പരാതി ഉന്നയിച്ചതിനാണ് കണ്ടക്ടര്ക്കെതിരെ നടപടി.
കണ്ടക്ടര്‍ കെഎസ്ആര്ടിസി കണ്ട്രോള് റൂമില് വിളിച്ച് പരാതി പറയുന്ന ശബ്ദരേഖ ലഭിച്ചതിനെ തുടര്ന്ന് അന്വേഷണം നടത്തിയിരുന്നു. എന്നാല് കണ്ടക്ടറുടെ പരാതിയില് കഴമ്പില്ലെന്ന് കണ്ടെത്തി. ഹോട്ടലില് നിന്ന് ഊണ് സൗജന്യമായി നല്കിയിരുന്നുവെന്നും, കണ്ടക്ടര് കഴിച്ച സ്പെഷ്യല് മീന്കറിക്കാണ് പണം ഈടാക്കിയതെന്നും വ്യക്തമായി.
കണ്ടക്ടറുടെ വ്യാജ പരാതിയെ തുടര്ന്ന് കെഎസ്ആര്ടിസി വിജിലന്സ് അന്വേഷണം നടത്തി. അന്വേഷണത്തില് കണ്ടക്ടറുടെ പ്രതികാരം പുറത്തായി. തുടര്ന്ന് കണ്ടക്ടറെ ദീര്ഘദൂര സര്വീസില് നിന്ന് മാറ്റി. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് സര്വീസ് നടത്തുന്ന ബസിലെ കണ്ടക്ടറായിരുന്നു ഇദ്ദേഹം. യാത്രക്കാര്ക്ക് നല്ല ഭക്ഷണം ഉറപ്പാക്കാന് കെഎസ്ആര്ടിസി സംസ്ഥാനത്താകെ 24 ഫുഡ് സ്പോട്ടുകള് കണ്ടെത്തി പരസ്യപ്പെടുത്തിയിരുന്നു. ഇതില് ഒന്നായ ആലത്തൂരിലെ മലബാര് വൈറ്റ് ഹൗസ് എന്ന ഹോട്ടലിലാണ് തര്‍ക്കമുണ്ടായത്.
Story Highlights: KSRTC takes action against bus conductor for false complaint about free food at hotel