കോട്ടയം പതിനെട്ടാം മൈലിൽ അപകടകരമായ രീതിയിൽ ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. പള്ളിക്കത്തോട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അതേസമയം, വഴിയിൽ നിർത്തി യാത്രക്കാരെ ഇറക്കിയതിന് സ്വകാര്യ ബസ്സിനെതിരെയും കേസെടുത്തിട്ടുണ്ട്.
ഇന്നലെയാണ് പതിനെട്ടാം മൈലിൽ കെഎസ്ആർടിസി ബസ് അപകടകരമായ രീതിയിൽ ഓടിച്ചത്. സ്വകാര്യ ബസ്സുമായുള്ള മത്സര ഓട്ടത്തിനിടയിലായിരുന്നു ഈ സംഭവം. സ്വകാര്യ ബസ് റോഡിൽ നിർത്തി യാത്രക്കാരെ ഇറക്കുമ്പോൾ, ഇടതുവശത്തുകൂടി അമിതവേഗത്തിൽ കെഎസ്ആർടിസി ബസ് കടന്നുപോവുകയായിരുന്നു. ഒരു യുവതി അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കോട്ടയത്തു നിന്ന് കുമളിക്ക് പോയ കെഎസ്ആർടിസി ബസാണ് ഇത്തരത്തിൽ അപകടകരമായി ഓടിച്ചത്.
സ്ഥലമുണ്ടായിട്ടും സ്വകാര്യ ബസ് യാത്രക്കാരെ ഇറക്കിയത് റോഡിൽ തന്നെ നിർത്തിയായിരുന്നു. അപകടകരമായ രീതിയിൽ കെഎസ്ആർടിസി ബസ് കടന്നുപോകുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കോട്ടയത്ത് ബസുകൾ തമ്മിലുള്ള മത്സരയോട്ടവും കയ്യാങ്കളിയും പതിവ് സംഭവമായി മാറിയിരിക്കുകയാണ്. സമയം മാറി ഓടിയെന്ന് ആരോപിച്ച് മറ്റൊരു ബസ് പിന്തുടർന്ന് ചില്ല് അടിച്ച് തകർത്ത സംഭവവും ഉണ്ടായി.
കോട്ടയം കോടിമതയിൽ ഇന്നലെ വൈകുന്നേരമാണ് മറ്റൊരു സംഭവം നടന്നത്. ബ്ലോക്കിൽ കിടന്ന് താമസിച്ച തണ്ടപ്ര സ്വകാര്യ ബസ് വൈകിയൊടിയതാണ് തർക്കത്തിന് കാരണമായത്. തുടർന്ന് വിജയലക്ഷ്മി ബസ് തണ്ടപ്ര ബസ്സിനെ പിന്തുടർന്ന് തടയുകയായിരുന്നു. യാത്രക്കാർ ഉള്ളപ്പോഴായിരുന്നു ഈ അപകടകരമായ ഡ്രൈവിംഗ്. വിജയലക്ഷ്മി ബസ്സിലെ ജീവനക്കാർ ബസ്സിൽ നിന്നിറങ്ങി തണ്ടപ്ര ബസ്സിന്റെ ചില്ല് തകർക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഈ സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: Police file case against KSRTC driver for reckless driving in Kottayam