മലപ്പുറം തലപ്പാറയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. ദീർഘദൂര ബസാണ് അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. തൊട്ടിൽപാലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. ബസിൽ യാത്രക്കാർ കുറവായിരുന്നു എന്നത് ആശ്വാസകരമായ വസ്തുതയാണ്.
രാവിലെ 11.15 ഓടെയാണ് ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ഒരു പാടത്തേക്കാണ് ബസ് മറിഞ്ഞുവീണത്. മുപ്പതിലേറെ പേർക്ക് പരുക്കേറ്റെന്നാണ് വിവരം. പരുക്കേറ്റവരെ തിരൂരങ്ങാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
ബസിന്റെ വശങ്ങൾ തകർക്കും ചില്ലുകൾ വെട്ടിപ്പൊളിച്ചുമാണ് നാട്ടുകാർ യാത്രക്കാരെ പുറത്തേക്കെടുത്തത്. നാട്ടുകാർ തങ്ങളുടെ വാഹനത്തിലും ആംബുലൻസുകളിലുമാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബസിന്റെ വേഗത കുറവായതും യാത്രക്കാർ കുറവായതും മൂലം വലിയ ദുരന്തം ഒഴിവായെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടം സംഭവിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.
Story Highlights: KSRTC bus overturned in Malappuram, over 30 injured