കോഴിക്കോട് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് പുഴയിലേക്ക് മറിഞ്ഞു. പുല്ലൂരാം പാറയിലെ കാളിയമ്പുഴയിലാണ് അപകടം സംഭവിച്ചത്. ഒരു സ്ത്രീ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ച സ്ത്രീയെ ഓമശ്ശേരി ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
ബസ് കലിങ്കിൽ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. അമ്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നതായി തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ പറഞ്ഞു. നാല് പേരുടെ നില ഗുരുതരമാണ്. ഇന്നലെ പെയ്ത മഴയിൽ വെള്ളം കൂടിയ പുഴയിലേക്കാണ് ബസ് മറിഞ്ഞത്. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
അപകടം നടന്നത് അറിയാൻ വൈകിയതായി തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുറഹ്മാൻ പറഞ്ഞു. ജനവാസ മേഖലയല്ലാത്തതിനാലാണ് അപകടം അറിയാൻ വൈകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. പാലം അപകടാവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബസിൽ ചിലർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു.
Story Highlights: KSRTC bus accident in Kozhikode results in one death and multiple injuries