വിതുര(തിരുവനന്തപുരം)◾ വിച്ഛേദിച്ച വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാത്തിനെ തുടർന്ന് തൊളിക്കോട് പരപ്പാറ മാങ്കാട് നാലുസെന്റ് കോളനി നിവാസികൾ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വിതുര കെഎസ്ഇബി ഓഫിസ് ഉപരോധിച്ചു. റോഡ് നിർമാണത്തിനിടെ മണ്ണുമാന്തി യന്ത്രം തട്ടി പോസ്റ്റ് ഒടിഞ്ഞതിനെ തുടർന്നാണ് വൈദ്യുതി വിതരണം ഇന്നലെ വൈകിട്ട് 4 ഓടെ വിച്ഛേദിച്ചത്. വൈകാതെ പോസ്റ്റ് മാറ്റി വൈദ്യുതി വിതരണം പുനഃസ്ഥാക്കും എന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ രാത്രി ആയിട്ടും നടപടി ഉണ്ടായില്ല.
ഇരുപതിലേറെ കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ പൊതു കിണറിൽ നിന്നും വാട്ടർ ടാങ്കിലേക്ക് ശുദ്ധജലം പമ്പ് ചെയ്താണ് വിതരണം ചെയ്യുന്നത്. വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് ശുദ്ധ ജലം വിതരണം മുടങ്ങി. കെഎസ്ഇബി ഓഫിസിൽ ബന്ധപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല. ഇന്നു രാവിലെ മാത്രമേ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്ന നിലപാടിലായി അധികൃതർ. സർവീസ് വയർ ഉപയോഗിച്ച് താൽക്കാലിക സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് പഞ്ചായതത്ത് സ്ഥിരം സമിതി അധ്യക്ഷന് തോട്ടുമുക്ക് അൻസർ, അംഗം ചായം സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫിസ് പ്രദേശവാസികൾ ഉപരോധിച്ചു. തുടർന്ന് അസിസ്റ്റന്റ് എൻജിനീയർ ഇടപെട്ട് ശുദ്ധജലം പമ്പ് ചെയ്യാനും മറ്റും സർവീസ് വയർ ഉപയോഗിച്ച് രണ്ട് മണിക്കൂർ വൈദ്യുതി വിതരണം നടത്താമെന്ന് അറിയിച്ചതിനെ തുടർന്ന് രാത്രി 10 ഓടെ ഉപരോധം അവസാനിപ്പിച്ചു.
Story Highlights: വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു.