◾നാലൽപ്പത്തിയൊന്നുകാരിയായ യുവതിയ്ക്കു വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ്; ആശങ്ക വേണ്ടെന്നും നിർദ്ദേശം.
കോഴിക്കോട്◾ ‘നിപ’ രോഗ ലക്ഷ്ണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മലപ്പുറം കുറ്റിപ്പുറം സ്വദേശിനിയായ നാൽപ്പത്തിയൊന്നുകാരിയുടെ പരിശോധനാ ഫലം പുറത്തു വന്നു. ‘നിപ’യല്ലെന്ന് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നാൽപ്പത്തിയൊന്നുകാരിയ്ക്ക് ‘നിപ’യല്ലെന്നും മസ്തിക ജ്വരമാണെന്നും കണ്ടെത്തി.
മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയോളം ചികിത്സയിൽ ആയിരുന്ന നാൽപ്പത്തിയൊന്നുകാരിയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‘നിപ’ ലക്ഷ്ണങ്ങളോടു സാമ്യം തോന്നിയതിനാലാണ് സ്രവം പരിശോധനയ്ക്കായി അയച്ചത്. ‘നിപ’യല്ലെന്ന് സ്ഥിരീകരിച്ചതോടെ സമ്പർക്കം പുലർത്തിവർക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ആശുപത്രിയിൽ യുവതിയ്ക്കു വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
സംസ്ഥാനത്തെ ഭീതിലാഴ്ത്തിയ ‘നിപ’ വൈറസ് 2018 മെയ് മാസത്തിലാണ് കോഴിക്കോട് പേരാമ്പ്രയിൽ ആദ്യമായി സ്ഥീരികരിച്ചത്. രണ്ട് മാസത്തിനുള്ളിൽ 18 പേരാണ് മരണത്തിന് കീഴടങ്ങിയത്. 2019 ജൂൺ 4ന് കൊച്ചിയിൽ 23 വയസുള്ള ഒരു വിദ്യാർഥിക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും പിന്നീട് സുഖം പ്രാപിച്ചു. 2021 സെപ്റ്റംബർ 5ന് കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്ത് 12 വയസുള്ള ആൺകുട്ടി നിപ ബാധിച്ച് മരിച്ചു. 2023 ഓഗസ്റ്റിലും സെപ്റ്റംബറിലും കുറ്റ്യാടിയിൽ രണ്ട് പേരും വൈറസ് ബാധയിൽ മരിച്ചു. ആറ് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും രക്ഷപ്പെട്ടു. 2024 ജൂലൈ 21ന് മഞ്ചേരി പാണ്ടിക്കാട് സ്വദേശിയായ 14 വയസുള്ള ആൺകുട്ടി മരിച്ചതാണ് സംസ്ഥാനത്ത് അവസാനമായി റിപ്പോർട്ട് ചെയ്ത നിപ മരണം.
Story Highlights: A 41-year-old woman admitted to Kozhikode Medical College with Nipah-like symptoms tested negative for the virus.