മണക്കുളങ്ങര ക്ഷേത്രത്തിലെ ആനയിടഞ്ഞ സംഭവത്തിൽ വനം വകുപ്പ് നാട്ടാന പരിപാലന ചട്ട ലംഘനം കണ്ടെത്തി. ക്ഷേത്രത്തിലെ തുടർച്ചയായ വെടിക്കെട്ടാണ് ഗുരുവായൂർ പീതാംബരൻ എന്ന ആനയെ പ്രകോപിപ്പിച്ചതെന്നും അപകട സമയത്ത് ആനയെ ചങ്ങലയിട്ടിരുന്നില്ലെന്നും ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ സംഭവത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. താലപ്പൊലി ഘോഷയാത്രയ്ക്ക് മുന്നോടിയായുള്ള ക്ഷേത്ര വരവിനിടെ വൈകിട്ട് 6 മണിയോടെയാണ് അപകടം ഉണ്ടായത്. ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.
വനം വകുപ്പ് റിപ്പോർട്ടിനെ തുടർന്ന് അമ്പലത്തിലെ ആന എഴുന്നള്ളത്തിനുള്ള അനുമതി റദ്ദാക്കി. റിപ്പോർട്ട് വനം മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, ക്ഷേത്ര ട്രസ്റ്റ് റിപ്പോർട്ടിലെ കണ്ടെത്തലുകളെ തള്ളിക്കളഞ്ഞു. ഉത്സവത്തിനിടെ പടക്കം പൊട്ടിച്ചതിൽ ക്ഷേത്രത്തിന് ഒരു പങ്കുമില്ലെന്നും ഒരു ചട്ടവും ലംഘിച്ചിട്ടില്ലെന്നും ക്ഷേത്രം ട്രസ്റ്റി ഷെനിത് എൽജി പറഞ്ഞു. ഹൈക്കോടതിയും സംഭവത്തിൽ ഇടപെട്ട് ഗുരുവായൂർ ദേവസ്വം ഉദ്യോഗസ്ഥനോട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
ആനയെ ഇത്രയും ദൂരത്തേക്ക് കൊണ്ടുപോയതിന്റെ കാരണവും ഇത്തരം അപകടങ്ങൾ ഉണ്ടാകുമ്പോൾ ആർക്കെതിരെയാണ് കേസെടുക്കേണ്ടതെന്നും കോടതി ചോദിച്ചു. ദേവസ്വം ലൈവ് സ്റ്റോക് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും ആനയുടെ ഭക്ഷണ, യാത്ര രേഖകളടക്കമുള്ള വിവരങ്ങൾ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. ക്ഷേത്രത്തിൽ ഏകദേശം 30 മിനിറ്റ് നേരം നീണ്ടുനിന്ന പരിഭ്രാന്തിയിലാണ് മൂന്ന് പേർ മരിക്കാനും 29 പേർക്ക് പരിക്കേൽക്കാനും ഇടയായത്.
Story Highlights: Three people died in an elephant attack at Manakkulamgara temple in Kozhikode, and the forest department’s report cites violations of captive elephant management rules.