കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് 57 വയസ്സുള്ള പേരാമ്പ്ര സ്വദേശിനി വിലാസിനി മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കായി വിലാസിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒ.പിയിൽ ചികിത്സ തേടിയ വിലാസിനിയെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച നടന്ന ശസ്ത്രക്രിയയിൽ കുടലിന് പരുക്കേറ്റതായി ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വിലാസിനിയുടെ ആരോഗ്യനില മോശമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. കുടലിലുണ്ടായ മുറിവിൽ അണുബാധയുണ്ടായതായി ഡോക്ടർമാർ സംശയിക്കുകയും വീണ്ടും ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
അണുബാധയുള്ള ഭാഗം മുറിച്ചുമാറ്റിയെങ്കിലും അണുബാധ കിഡ്നിയിലേക്കും കരളിലേക്കും വ്യാപിച്ചു. വാർഡിലേക്ക് മാറ്റിയ വിലാസിനിക്ക് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഞായറാഴ്ച കട്ടിയുള്ള ആഹാരം നൽകിയിരുന്നു. ഇതിനുശേഷം വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഐസിയുവിലേക്ക് മാറ്റിയതായി ബന്ധു ലിബിൻ പറഞ്ഞു.
യൂട്രസിന്റെ ഭാഗത്ത് അണുബാധയുണ്ടെന്ന് ഡോക്ടർമാർ സംശയിച്ചിരുന്നു. ചികിത്സാപ്പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിനും മെഡിക്കൽ കോളേജ് പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് വിലാസിനിയുടെ മരണം സ്ഥിരീകരിച്ചത്.
ഗൈനക്കോളജി വിഭാഗം സൂപ്രണ്ട് അരുൺ പ്രീത് സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഗൈനക്കോളജി വിഭാഗം മേധാവിയോടാണ് റിപ്പോർട്ട് തേടിയത്. അന്വേഷണത്തിനുശേഷം മാത്രമേ പ്രതികരിക്കാനാകൂ എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Story Highlights: 57-year-old Vilasini died at Kozhikode Medical College Hospital allegedly due to medical negligence during a hysterectomy.