കോട്ടയം ഗവൺമെന്റ് നഴ്സിങ് കോളേജിലെ റാഗിങ്ങ് സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. ക്രൂരമായ പീഡനങ്ങൾ മുൻപും നടന്നിട്ടുണ്ടെന്ന് വിദ്യാർത്ഥികളുടെ മൊഴിയിൽ സൂചനയുണ്ട്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കോളേജിലെത്തി വിദ്യാർത്ഥികളുടെയും അധികൃതരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. കൂടുതൽ ഇരകൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് വ്യക്തമാക്കി.
പീഡനത്തിനിരയായ വിദ്യാർത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തി പരിക്കേൽപ്പിച്ചതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു. ഈ മുറിവുകളിൽ ലോഷനുകൾ ഒഴിക്കുകയും ശരീരത്തിൽ ക്ലിപ്പുകൾ ഘടിപ്പിക്കുകയും ചെയ്തു. പ്രതികളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു ഇന്ന് കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
നിലവിൽ പ്രതിചേർക്കപ്പെട്ട പ്രതികൾ തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. വേദന കൊണ്ട് പുളഞ്ഞു കരയുന്ന ഇരയായ വിദ്യാർത്ഥിയെ നോക്കി പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു അക്രമമെന്നും ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. ജനനേന്ദ്രിയത്തിൽ ഡംബെൽസ് ഉപയോഗിച്ച് പരിക്കേൽപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രതികൾ തന്നെ പകർത്തി സൂക്ഷിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്. റാഗിങ്ങിന് ഇരയായ വിദ്യാർത്ഥികളുടെ വിശദമായ മൊഴികൾ രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ പ്രതികൾ ഇല്ലെന്നും പോലീസ് വ്യക്തമാക്കി.
Story Highlights: Five students’ detailed statements were recorded in the Kottayam Government Nursing College ragging incident.