**കോട്ടയം◾:** ആറ് കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി കോട്ടയത്ത് പിടിയിലായി. സന്യാസി ഗൗഡ (32) എന്നയാളാണ് അറസ്റ്റിലായത്. ആർ.പി.എഫ്, റെയിൽവേ പോലീസ്, എക്സൈസ് എന്നിവരുടെ സംയുക്ത ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്.
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കഞ്ചാവ് കോട്ടയത്തെത്തിച്ച് വിതരണം ചെയ്യുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് മൊത്തവിതരണ സംഘത്തിലെ പ്രധാന കണ്ണിയാണ് സന്യാസി ഗൗഡ എന്നാണ് പോലീസ് പറയുന്നത്. ഏറെ നാളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എറണാകുളം പെരുമ്പാവൂരിൽ മത്സ്യവില്പന സ്റ്റാളിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ പശ്ചിമ ബംഗാൾ സ്വദേശിയും പിടിയിലായിരുന്നു. ചെടിച്ചട്ടികൾക്കുള്ളിലും മത്സ്യം സൂക്ഷിക്കുന്ന ഫ്രീസറിനുള്ളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പെരുമ്പാവൂർ ചെറുവേലിക്കുന്നിലെ മത്സ്യവില്പന സ്റ്റാളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
സ്റ്റാൾ നടത്തിയിരുന്ന പശ്ചിമ ബംഗാൾ സ്വദേശി നയീം ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. കടയിലെ ചെടിച്ചട്ടികൾക്കുള്ളിൽ പൊതികളിലാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സേനയാണ് കഞ്ചാവ് വില്പനയെക്കുറിച്ച് പോലീസിന് വിവരം നൽകിയത്. കുറച്ചു ദിവസങ്ങളായി ഈ സ്ഥാപനവും പ്രദേശവും നിരീക്ഷണത്തിലായിരുന്നുവെന്നും പോലീസ് അറിയിച്ചു.
Story Highlights: A man from Odisha was arrested in Kottayam with 6 kg of cannabis during a joint operation by RPF, Railway Police, and Excise.