കൊണ്ടോട്ടിയിൽ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. 2024 മെയ് 27നാണ് ഷഹാന മുംതാസിന്റെയും അബ്ദുൽ വാഹിദിന്റെയും വിവാഹം നടന്നത്. ഭർത്താവും വീട്ടുകാരും നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന വാർത്തകളെ തുടർന്നാണ് നടപടി. ഷഹാനയുടെ കുടുംബത്തിന്റെ മൊഴി കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രേഖപ്പെടുത്തി.
പത്തൊമ്പതുകാരിയായ ഷഹാന മുംതാസ് മാനസിക പീഡനത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. നിറം കുറവാണെന്ന് പറഞ്ഞ് ഭർത്താവും ബന്ധുക്കളും നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായി പരാതിയുണ്ട്. വിവാഹബന്ധം വേർപെടുത്താൻ നിർബന്ധിച്ചെന്നും ഷഹാനയുടെ കുടുംബം ആരോപിക്കുന്നു.
ഭർത്താവ് അബ്ദുൽ വാഹിദിനും മാതാപിതാക്കൾക്കുമെതിരെയാണ് പരാതി. നിറത്തിന്റെ പേരിൽ ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് ആരോപണം. വാർത്ത ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി കേസെടുക്കാൻ നിർദേശം നൽകി.
കമ്മീഷൻ ഡയറക്ടർക്കും സി ഐക്കുമാണ് ചെയർപേഴ്സൺ നിർദേശം നൽകിയത്. പോലിസും ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലിസ് റിപ്പോർട്ട് കമ്മീഷനും തേടിയിട്ടുണ്ട്. കൊണ്ടോട്ടി സ്വദേശിനിയാണ് മരിച്ച ഷഹാന.
Story Highlights: A woman in Kondotty committed suicide allegedly due to harassment from her husband and in-laws about her complexion, leading to the Women’s Commission taking up the case.