കൊടകര: കൊടകര കുഴൽപ്പണക്കേസിൽ ബിജെപിയെ വെള്ളപൂശി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ചിലവഴിക്കാൻ വേണ്ടിയാണ് 41.40 കോടി രൂപ കേരളത്തിലേക്ക് എത്തിച്ചതെന്ന ആരോപണമുണ്ടായിരുന്നു. കള്ളപ്പണ ഇടപാടിൽ ബിജെപിയുടെ ബന്ധം മറച്ചുവെച്ചാണ് കുറ്റപത്രം സമർപ്പിച്ചതെന്നും വിമർശനമുയർന്നിട്ടുണ്ട്.
കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ ആകെ 23 പ്രതികളാണുള്ളത്. ആലപ്പുഴയിലുള്ള വസ്തു വാങ്ങുന്നതിന് ഡ്രൈവർ ഷംജീർ വശം ധർമരാജ് കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകര വച്ച് കൊള്ളയടിക്കപ്പെട്ടുവെന്നാണ് കുറ്റപത്രത്തിലെ പ്രധാന കണ്ടെത്തൽ.
പണം എത്തിക്കാൻ ചുമതലയുണ്ടായിരുന്ന കോഴിക്കോട് സ്വദേശി ധർമരാജിന്റെ മൊഴി പ്രകാരം അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നിർദേശപ്രകാരമാണ് പണം കൈമാറിയത്. പൊലീസ് കണ്ടെത്തിയ കള്ളപ്പണത്തിന് പുറമെ മൂന്ന് ലക്ഷം രൂപയും എട്ട് ലക്ഷം രൂപയുടെ വസ്തുവും കണ്ടുകെട്ടിയതായി ഇഡി കുറ്റപത്രത്തിൽ പരാമർശിക്കുന്നു. എന്നാൽ, കേസിന്റെ ഉറവിടം കണ്ടെത്താതെയും ബിജെപി നേതാക്കളെ ചോദ്യം ചെയ്യാതെയും ഇഡി കേസ് അവസാനിപ്പിക്കുകയായിരുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
Story Highlights: ED files chargesheet in Kodakara hawala case, allegedly concealing BJP’s involvement.