കൊച്ചിയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ ആറ് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വല്ലാർപാടത്ത് നിന്ന് കണ്ടെത്തി. പച്ചാളത്തുവെച്ച് കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിനിയെ സൈക്കിളിൽ സ്കൂൾ യൂണിഫോമിലാണ് കാണാതായത്. നഗരം കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ തിരച്ചിൽ. കുട്ടിയെ കണ്ടെത്തിയ യുവാവ് പറയുന്നതനുസരിച്ച് കുട്ടി വലിയ മനോവിഷമത്തിലായിരുന്നു.
കുട്ടിയെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് അമ്മ പ്രതികരിച്ചു. സ്കൂളിൽ അമ്മയുടെ ഫോൺ കൊണ്ടുവന്നതിനെ തുടർന്ന് സ്കൂൾ അധികൃതർ ഫോൺ പിടിച്ചുവെച്ചതാണ് മനോവിഷമത്തിന് കാരണമെന്ന് കുട്ടി പറഞ്ഞു. ഈ സംഭവത്തെ തുടർന്നാണ് സൈക്കിളിൽ മറ്റൊരു സ്ഥലത്തേക്ക് പോകാൻ തീരുമാനിച്ചതെന്നും കുട്ടി വെളിപ്പെടുത്തി.
കുട്ടിയെ കാണാതായെന്ന വാർത്ത കണ്ട യുവാവാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ പിടിച്ചുനിർത്തിയ ശേഷം പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. നായരമ്പലം വരെ പോയെന്നാണ് കുട്ടി പറയുന്നത്. കുട്ടിയെ കണ്ടെത്തിയ ജോർജ് എന്ന യുവാവ് പറയുന്നതനുസരിച്ച് കുട്ടി കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
കുട്ടിയുടെ അമ്മയും ഇങ്ങനെയൊരു കുട്ടിയെ കാണാതായെന്ന് വിളിച്ചു പറഞ്ഞിരുന്നതായി ജോർജ് പറഞ്ഞു. പെൺകുട്ടിയെ ഒറ്റയ്ക്ക് കണ്ടതോടെ സംശയം തോന്നിയാണ് പിടിച്ചുനിർത്തിയതെന്നും ജോർജ് വ്യക്തമാക്കി. കുട്ടിയുമായി പൊലീസ് എളമക്കര സ്റ്റേഷനിലേക്ക് മടങ്ങി.
Story Highlights: 12-year-old girl who went missing from Kochi found safe after six hours.