കൊച്ചി മെട്രോയുടെ പുതിയ ഇലക്ട്രിക് ബസ് സർവ്വീസായ ‘മെട്രോ കണക്ട്’ നാളെ മുതൽ കൊച്ചി നഗരത്തിലെ നിരത്തുകളിൽ സജീവമാകും. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് കൊച്ചിയെ ഒരു പരിസ്ഥിതി സൗഹൃദ നഗരമാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിവിധ റൂട്ടുകളിലായി പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷമാണ് ഈ സർവ്വീസ് ആരംഭിക്കുന്നത്.
പൊതുഗതാഗതത്തെ കൂടുതൽ ജനകീയമാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്. ആലുവ-ഇന്റർനാഷണൽ എയർപോർട്ട്, കളമശേരി-മെഡിക്കൽ കോളെജ്, ഹൈക്കോടതി- എംജി റോഡ് സർക്കുലർ, കടവന്ത്ര- കെ.പി വള്ളോൻ റോഡ് സർക്കുലർ, കാക്കനാട് വാട്ടർമെട്രോ-ഇൻഫോപാർക്ക്, കിൻഫ്ര പാർക്ക്-കളക്ട്രേറ്റ് എന്നീ ആറ് റൂട്ടുകളിലാണ് തുടക്കത്തിൽ സർവ്വീസ് ഉണ്ടായിരിക്കുക. 33 സീറ്റുകളുള്ള പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ബസുകളാണ് സർവ്വീസിനായി ഉപയോഗിക്കുന്നത്.
യാത്രക്കാർക്ക് ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. യുപിഐ, രൂപേ ഡെബിറ്റ് കാർഡ്, കൊച്ചി 1 കാർഡ് എന്നിവ വഴി പേയ്മെന്റ് നടത്താം. കൂടാതെ, പണമായും ടിക്കറ്റ് എടുക്കാൻ സൗകര്യമുണ്ട്. ആലുവ-എയർപോർട്ട് റൂട്ടിൽ 80 രൂപയും മറ്റ് റൂട്ടുകളിൽ അഞ്ച് കിലോമീറ്റർ യാത്രയ്ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ആലുവ-എയർപോർട്ട് റൂട്ടിൽ തിരക്കുള്ള സമയങ്ങളിൽ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളിൽ 30 മിനിറ്റ് ഇടവിട്ടും സർവ്വീസുണ്ടാകും. രാവിലെ 6.45 മുതൽ രാത്രി 11 വരെയാണ് ഈ റൂട്ടിലെ സർവ്വീസ് സമയം. കളമശേരി-മെഡിക്കൽ കോളേജ് റൂട്ടിൽ 30 മിനിറ്റ് ഇടവിട്ടും, കാക്കനാട് വാട്ടർ മെട്രോ -കിൻഫ്രാ -ഇൻഫോപാർക്ക് റൂട്ടിൽ 25 മിനിറ്റ് ഇടവിട്ടും സർവ്വീസുണ്ടാകും.
കാക്കനാട് വാട്ടർ മെട്രോ -കളക്ട്രേറ്റ് റൂട്ടിൽ 20 മിനിറ്റ് ഇടവിട്ടും, ഹൈക്കോടതി-എംജിറോഡ് സർക്കുലർ റൂട്ടിൽ 10 മിനിറ്റ് ഇടവിട്ടും സർവ്വീസുകൾ ക്രമീകരിച്ചിട്ടുണ്ട്. കടവന്ത്ര കെ.പി വള്ളോൻ റോഡ്–പനമ്പിള്ളി നഗർ റൂട്ടിൽ 25 മിനിറ്റ് ഇടവിട്ട് രാവിലെ 9 മുതൽ വൈകിട്ട് 7 വരെ സർവ്വീസ് ലഭ്യമാണ്.
ആലുവ-എയർപോർട്ട് റൂട്ടിൽ നാല് ബസുകളും, കളമശേരി റൂട്ടിൽ രണ്ട് ബസുകളും, ഇൻഫോപാർക്ക് റൂട്ടിൽ ഒരു ബസും, കളക്ട്രേറ്റ് റൂട്ടിൽ രണ്ട് ബസുകളും സർവ്വീസ് നടത്തും. ഹൈക്കോടതി റൂട്ടിൽ മൂന്ന് ബസുകളും കടവന്ത്ര റൂട്ടിൽ ഒരു ബസുമാണ് സർവ്വീസ് നടത്തുക. കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ‘മെട്രോ കണക്ട്’ സർവ്വീസ് ആരംഭിക്കുന്നത്.
Story Highlights: Kochi Metro’s electric bus service, ‘Metro Connect,’ launches tomorrow, covering six routes and promoting eco-friendly public transport.