കൊച്ചി ഡിസിപി കെ എസ് സുദര്ശന് ഓംപ്രകാശിന്റെ ലഹരി കേസുമായി ബന്ധപ്പെട്ട റിമാന്റ് റിപ്പോര്‍ട്ടില്‍ പേര് വന്ന സിനിമാ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് അറിയിച്ചു. കൂടുതല്‍ തെളിവുകള്‍ ലഭ്യമായ ശേഷമാകും ചോദ്യം ചെയ്യുകയെന്നും റിപ്പോര്‍ട്ടില്‍ പേരുള്ള എല്ലാവരേയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡി ജെ പാര്‍ട്ടിയെക്കുറിച്ചും അന്വേഷിക്കുമെന്ന് ഡിസിപി പറഞ്ഞു.
ഓം പ്രകാശിന്റെ മുറിയില്‍ നിന്ന് പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പരിശോധനാ ഫലം വന്നശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വിശദമാക്കി. പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിന്റെ മുറി സന്ദര്‍ശിച്ചു എന്നാണ് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്നലെ ഹോട്ടലിലെ രജിസ്റ്റര്‍ പരിശോധിച്ച ഘട്ടത്തിലാണ് ഇവരുടെ പേരുകള്‍ ശ്രദ്ധയില്‍ പെട്ടത്.
ചോദ്യം ചെയ്യലില്‍ ഇരുവരും തന്നെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ഓം പ്രകാശ് സ്ഥിരീകരിച്ചു. എന്നാല്‍, താരങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ലഹരിക്കേസുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നില്ല. ഇന്നലെയാണ് എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ ഒരു ആഢംബര ഹോട്ടലില്‍ നിന്ന് ഓംപ്രകാശിനെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുത്തത്. ലഹരി കൈവശം വെച്ചതായിരുന്നു കേസ്.
Story Highlights: Kochi DCP said police will question the movie stars named in the remand report of Omprakash’s drug case