മാർകോ സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചതിൽ കേസെടുത്ത് കൊച്ചി സൈബർ പോലീസ്

Anjana

Marco movie piracy case

കൊച്ചി സൈബർ പോലീസ് ‘മാർകോ’ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്തു. സിനിമയുടെ നിർമാതാവ് മുഹമ്മദ് ഷെരീഫ് നൽകിയ പരാതിയിലാണ് നടപടി. ടെലിഗ്രാം ഗ്രൂപ്പ് വഴി സിനിമയുടെ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിപ്പിച്ചതായും ഇത് നിർമാതാക്കൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയതായും പരാതിയിൽ പറയുന്നു. നേരത്തെ ‘എആർഎം’ സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നുപേരെ കൊച്ചി സൈബർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഡിസംബർ 20-നാണ് ഹനീഫ് അദേനി സംവിധാനം ചെയ്ത ‘മാർകോ’ തിയേറ്ററുകളിലെത്തിയത്. ഉണ്ണി മുകുന്ദൻ നായകനായ ഈ ചിത്രത്തിന്റെ പ്രീ സെയിൽസ് കളക്ഷൻ ഒരു കോടിയിലധികമായിരുന്നു. ഇതോടെ ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ആദ്യദിന കളക്ഷൻ നേടിയ ചിത്രമായി ‘മാർകോ’ മാറി. ‘മലയാളത്തിന്റെ മോസ്റ്റ് വയലന്റ് ഫിലിം’ എന്ന പ്രചാരണത്തോടെയാണ് ചിത്രം റിലീസ് ചെയ്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും അക്രമം നിറഞ്ഞ ചിത്രമെന്ന പ്രതികരണമാണ് ഇത് നേടിയത്. ഇതോടെ തിയേറ്ററുകളിലേക്ക് ആയിരക്കണക്കിന് ആളുകൾ ഒഴുകിയെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബോക്സോഫീസിൽ വിജയം തുടരുന്നതിനിടെയാണ് സിനിമയുടെ വ്യാജപതിപ്പ് പ്രചരിച്ചത്. പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സണാണ് ചിത്രത്തിന്റെ ആക്ഷൻ കോറിയോഗ്രാഫി ചെയ്തത്. 100 ദിവസം നീണ്ട ചിത്രീകരണത്തിൽ 60 ദിവസവും ആക്ഷൻ രംഗങ്ങൾക്കായി മാറ്റിവച്ചിരുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും കൂടുതൽ മുതൽമുടക്കുള്ള സിനിമയാണ് ‘മാർകോ’. ഈ സാഹചര്യത്തിലാണ് വ്യാജപതിപ്പ് പ്രചരിപ്പിച്ചതിനെതിരെ നിർമാതാവ് നിയമനടപടികൾ സ്വീകരിച്ചത്.

Story Highlights: Kochi Cyber Police files case against piracy of ‘Marco’ movie following producer’s complaint

Leave a Comment