കൊച്ചി നഗരം ലഹരിയുടെ പിടിയിലാണ്. സെപ്റ്റംബർ മാസത്തിൽ മാത്രം 137 നർകോട്ടിക് കേസുകളാണ് രജിസ്റ്റർ ചെയ്തത്. 153 പേരെ അറസ്റ്റ് ചെയ്തുവെങ്കിലും ലഹരിയുടെ ഒഴുക്കിന് കുറവില്ല. 83 ഗ്രാം MDMA, കിലോ കണക്കിന് കഞ്ചാവ്, സിന്തറ്റിക് ടാബ്ലറ്റുകൾ എന്നിവയാണ് പിടികൂടിയത്. പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കി.
കോളജ് വിദ്യാർത്ഥികൾ, സിനിമാക്കാർ, IT പ്രൊഫഷണലുകൾ എന്നിവരെ ലക്ഷ്യമിട്ടാണ് കൊച്ചിയിലെ ലഹരി സംഘങ്ങൾ പ്രവർത്തിക്കുന്നത്. ഇന്നലെ കൊക്കയിനുമായി ഗുണ്ട നേതാവ് ഓം പ്രകാശിനെ പോലീസ് പിടികൂടി. എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ഒരു ആഢംബര ഹോട്ടലിൽ നിന്നാണ് ഇയാളെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുത്തത്.
പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത് അനുസരിച്ച്, പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിന്റെ മുറി സന്ദർശിച്ചതായി കണ്ടെത്തി. ഹോട്ടലിലെ രജിസ്റ്റർ പരിശോധിച്ചപ്പോഴാണ് ഇവരുടെ പേരുകൾ ശ്രദ്ധയിൽപ്പെട്ടത്. ഓം പ്രകാശ് ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ, താരങ്ങൾക്ക് ലഹരിക്കേസുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നില്ല. സിനിമാ മേഖലയിലേക്കും കേസിന്റെ അന്വേഷണം നീളുമെന്നാണ് സൂചന.
Story Highlights: Kochi city registers 137 narcotics cases in September, police intensify checks