എറണാകുളം തൃക്കാക്കര കെഎംഎം കോളേജിലെ എന്സിസി ക്യാമ്പില് നടന്ന സംഭവങ്ങള് വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടര്ന്ന് മാതാപിതാക്കളും നാട്ടുകാരും കോളേജിന് മുന്നില് പ്രതിഷേധവുമായി എത്തി. എന്നാല് ഇതിനോടൊപ്പം തന്നെ എന്സിസി അധ്യാപകരില് നിന്ന് മര്ദനം നേരിട്ടതായും ഒരു വിഭാഗം കുട്ടികള് ആരോപണം ഉന്നയിച്ചു.
സംഭവത്തില് ഇടപെടാനെത്തിയ എസ്എഫ്ഐ നേതാക്കളും വിദ്യാര്ത്ഥികളും തമ്മില് വാക്കേറ്റമുണ്ടായി. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ഭാഗ്യലക്ഷ്മി പെണ്കുട്ടികള് മാത്രം താമസിക്കുന്ന മുറികളിലേക്ക് കയറിച്ചെന്ന് അനുചിതമായി പെരുമാറിയതായും വിദ്യാര്ത്ഥിനികള് ആരോപിച്ചു. ഇതേത്തുടര്ന്ന് വിദ്യാര്ത്ഥിനികളും എസ്എഫ്ഐ നേതാക്കളും തമ്മില് വാഗ്വാദമുണ്ടായി.
എന്സിസി 21 കേരള ബറ്റാലിയന് ക്യാമ്പിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് വിദ്യാര്ത്ഥികള്ക്ക് ആരോഗ്യ പ്രശ്നങ്ങള് ആരംഭിച്ചത്. വൈകിട്ടോടെ പലരും തളര്ന്നുവീണു. തലകറക്കവും തളര്ച്ചയും അനുഭവപ്പെട്ടതിനെ തുടര്ന്ന് 72 കുട്ടികളെ കളമശ്ശേരി മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്ന സംശയം ശക്തമായി.
കുട്ടികള് കുടിക്കാന് ഉപയോഗിച്ചത് കോളജ് വളപ്പിലെ കിണറ്റിലെ വെള്ളമാണ്. ഉച്ചഭക്ഷണത്തിന് കഴിച്ച സാമ്പാറില് നിന്നാകാം രോഗം പടര്ന്നതെന്നും സംശയമുയര്ന്നു. അഴുക്കുചാലിന് സമീപത്ത് വെച്ചാണ് ഭക്ഷണം തയ്യാറാക്കിയിരുന്നതെന്നും പറയപ്പെടുന്നു. കളമശ്ശേരിയിലും തൃക്കാക്കരയിലുമായി മഞ്ഞപ്പിത്തം പടര്ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം നടന്നത്.
കുട്ടികളെ കാണാതെ പരിഭ്രാന്തരായ രക്ഷിതാക്കള് കോളേജ് ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കടന്നു. കോളേജ് കെട്ടിടത്തില് നിന്ന് കുട്ടികളെ വിളിച്ചിറക്കി. ക്യാമ്പിനുള്ളില് മര്ദനമേറ്റെന്ന് ചില കുട്ടികള് ആരോപിച്ചു. സംഭവത്തില് അന്വേഷണം നടത്തുമെന്ന് എന്സിസി അധികൃതര് അറിയിച്ചു. ആരോഗ്യവകുപ്പ് അധികൃതര് ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും സാമ്പിളുകള് ശേഖരിച്ചു. ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര് അറിയിച്ചു. ഈ മാസം 29 വരെ തുടരേണ്ടിയിരുന്ന ക്യാമ്പ് പിരിച്ചുവിട്ടു.
Story Highlights: Food poisoning suspicion at NCC camp in KMM College leads to protests and allegations of misconduct.