ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകാനുള്ള നീക്കത്തിൽ ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് സർക്കാരിന്റെ മുഖം രക്ഷിക്കാനാണെന്ന് കെകെ രമ ആരോപിച്ചു. നാല് പ്രതികൾക്ക് ശിക്ഷ കുറയ്ക്കാനായിരുന്നു ശ്രമമെന്ന് രമ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ട് ഇന്നലെ മൊഴിയെടുക്കാൻ പൊലീസ് വിളിപ്പിച്ചിരുന്നതായി അവർ പറഞ്ഞു. ട്രൗസർ മനോജിന്റെ ശിക്ഷ ലഘൂകരിക്കുന്നതിനെക്കുറിച്ചായിരുന്നു മൊഴിയെടുക്കൽ.
സർക്കാർ പ്രതികൾക്ക് ശിക്ഷ കുറയ്ക്കാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ മാത്രം ആഗ്രഹിച്ചാൽ ലിസ്റ്റ് ഉണ്ടാകില്ലെന്നും രമ ചൂണ്ടിക്കാട്ടി. ആഭ്യന്തര വകുപ്പിന്റെ അറിവോടെയായിരുന്നു നടപടികളെന്നും സഭയിൽ മറുപടി പറയേണ്ട മുഖ്യമന്ത്രി എത്തിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വിഷയത്തിൽ പ്രതിഷേധവും വിവാദവും ഉയർന്നപ്പോഴാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് സർക്കാർ മുഖം രക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് രമ ആരോപിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.











